കോഴിക്കോട്: രണ്ടാം തരംഗത്തിൽ ഒരിടവേളക്ക് ശേഷം കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നത് ജില്ലയെ ഭീതിയിലാഴ്ത്തുന്നു. 20 ശതമാനത്തിലേക്ക് രോഗസ്ഥിരീകരണ നിരക്കുയരുന്നത് ആശങ്ക വർധിപ്പിക്കുകയാണ്. ജില്ലയിൽ നിലവിൽ രോഗികളുടെ എണ്ണം 25,000 പിന്നിട്ടു. രണ്ടാം തരംഗം മൂർധന്യത്തിലെത്തിയപ്പോൾ ചികിത്സയിലുള്ള രോഗികൾ അരലക്ഷം പിന്നിട്ടിരുന്നു. ജൂൺ അവസാന വാരം 9700 രോഗികളായി കുറഞ്ഞു. എന്നാൽ, പിന്നീട് രോഗികളുടെ എണ്ണം കൂടുകയും രോഗമുക്തി നേടുന്നവർ കുറയുകയും ചെയ്തു.
ഓണാവധിക്കാലത്ത് കൂടിച്ചേരലുകൾ കൂടിയത് രോഗവ്യാപനത്തിനിടയാക്കിയേക്കും. പൊതുസ്ഥലങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും ബസുകളിലും ഓഫിസുകളിലും എല്ലാവരും ഇരട്ട മാസ്കിടുന്നുണ്ട്. മാസ്ക് ധരിച്ച് രോഗികളുമായി ഇടപഴകിയവർക്ക് കോവിഡ് ബാധിക്കുന്നതും അപൂർവമാണ്. വീടുകളിൽ മാസ്കിെൻറ 'ഭാരം' അഴിച്ചു വെക്കുന്നതാണ് രോഗം വ്യാപിക്കാൻ കാരണമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ വിലയിരുത്തൽ. നിലവിൽ 13 ശതമാനം രോഗികളും വീടുകളിലാണുള്ളത്. സ്വകാര്യ ആശുപത്രികളിൽ 1132ഉം സര്ക്കാര് ആശുപത്രികളിൽ 504 പേരും ചികിത്സയിലുണ്ട്. അയൽവീട്ടിൽനിന്നോ സൗഹൃദ കൂടിച്ചേരലുകളിൽനിന്നോ രോഗം പിടിപെടുന്നതായാണ് പലരുടെയും അനുഭവം. വീട്ടിലെ ഒരാൾക്ക് രോഗമുണ്ടായാൽ മറ്റുള്ളവരിലേക്ക് പടരുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. വൃക്കരോഗികളും അർബുദ രോഗികളുമടക്കമുള്ളവരുടെ റിവേഴ്സ് ക്വാറൻറീനും കൃത്യമായി നടക്കുന്നില്ല.
ക്വാറൻറീന് ആവശ്യമായ സൗകര്യമില്ലാത്ത വീടുകളിലെ രോഗികൾ മറ്റ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറാൻ മടിക്കുന്നതും കോവിഡ് വ്യാപിക്കാനിടയാക്കുന്നു. പല ചികിത്സാകേന്ദ്രങ്ങളിലും കൃത്യമായ സൗകര്യങ്ങളില്ലെന്ന ആക്ഷേപവുമുണ്ട്.
ആശുപത്രികളിൽ മറ്റ് ചികിത്സകൾക്കായി പ്രവേശിപ്പിച്ചവർക്ക് രോഗം പടരുന്നതും വർധിക്കുന്നുണ്ട്. കൂട്ടിരിപ്പുകാർക്കും കോവിഡ് പിടിപെടുന്നുണ്ട്. ഒന്നാം തരംഗത്തിൽ ആശുപത്രികളിൽനിന്ന് രോഗം ബാധിക്കുന്നത് അപൂർവമായിരുന്നു. ഇതുസംബന്ധിച്ച കണക്കുകൾ അധികൃതർ പുറത്തുവിടുന്നില്ലെങ്കിലും നിലവിൽ ആശുപത്രിയിൽനിന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം കൂടുകയാണ്.
കോവിഡ് ആശുപത്രികളിൽ 1218 കിടക്കകൾ ഒഴിവ്
കോഴിക്കോട്: ജില്ലയിലെ 66 കോവിഡ് ആശുപത്രികളിൽ 3009 കിടക്കകളിൽ 1218 എണ്ണം ഒഴിവുണ്ട്. 69 ഐ.സി.യു കിടക്കകളും 37 വെൻറിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 467 കിടക്കകളും ഒഴിവുണ്ട്. 17 ഗവൺമെൻറ് കോവിഡ് ആശുപത്രികളിലായി 322 കിടക്കകൾ, 24 ഐ.സി.യു, 22 വെൻറിലേറ്റർ, 226 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്.
ഒമ്പത് സി.എഫ്.എൽ.ടി.സികളിലായി 978 കിടക്കകളിൽ 572 എണ്ണം ബാക്കിയുണ്ട്. മൂന്ന് സി.എസ്.എൽ.ടി.സികളിൽ 251 എണ്ണം ഒഴിവുണ്ട്. 72 ഡോമിസിലിയറി കെയർ സെൻററുകളിൽ ആകെയുള്ള 1924 കിടക്കകളിൽ 1552 എണ്ണം ഒഴിവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.