കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ്, ബീച്ച് ആശുപത്രികളിൽ രോഗികൾക്ക് നൽകുന്ന സിലിണ്ടറുകളിൽ ഓക്സിജൻ പെട്ടെന്ന് തീർന്നുപോകുന്നതായി പരാതി. കഴിഞ്ഞദിവസം കോഴിക്കോട് മെഡിക്കൽ കോളജിൽ സ്ട്രോക്ക് വന്ന് ചികിത്സ തേടിയ രോഗിയെ സി.ടി സ്കാനിങിന് കൊണ്ടുപോകുന്നതിനിടെ സിലിണ്ടറിൽ ഓക്സിജൻ തീർന്നുപോവുകയും തുടർന്ന് ആരോഗ്യസ്ഥിതി വഷളായി രാത്രിയോടെ രോഗി മരിക്കുകയും ചെയ്തിരുന്നു. സിലിണ്ടറിന്റെ ഫ്ലോ മീറ്ററിൽ ഓക്സിജൻ അളവ് കാണിച്ചിരുന്നില്ലെന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാർ കുടുംബത്തിന് നൽകിയ വിശദീകരണം.
കോഴിക്കോട് ബീച്ച് ആശുപത്രിയിലും ഇതേ പരാതി നിലനിൽക്കുന്നുണ്ട്. രോഗിക്ക് സിലിണ്ടർ ഘടിപ്പിച്ച് അഞ്ചുമിനിറ്റിനകം അത് തീർന്നുപോകുന്ന അവസ്ഥവരെ ആശുപത്രിയിൽ ഉണ്ടാവുന്നുണ്ടെന്ന് നഴ്സുമാർ പറയുന്നു. ഇത് സംബന്ധിച്ച് മേലാധികാരികളോട് പരാതിപ്പെട്ടിട്ടും പരിഹരാമാവുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി.
വാർഡുകളിൽ ലഭിക്കുന്ന സിലിണ്ടറുകളിൽ ഓക്സിജൻ അളവ് കുറവാണോ എന്ന സംശയവും നഴ്സുമാർ ഉയർത്തുന്നു. എന്നാൽ, സിലിണ്ടറുകളിൽ അളവ് കുറവു വരില്ലെന്നും സാമ്പിളെടുത്ത് പ്രഷർഗേജ് വെച്ച് ചെക് ചെയ്താണ് സിലിണ്ടറുകൾ വാങ്ങുന്നതെന്നും മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു.
പ്രഷർ ചെക്ക് ചെയ്താൽ സിലിണ്ടറുകളിൽ ഓക്സിജൻ അളവ് കൃത്യമാണോ എന്ന് മനസ്സിലാക്കാൻ സാധിക്കും. ഫ്ലോമീറ്ററിനോ സിലിണ്ടറിന്റെ നോബിനോ ലീക്ക് ഉണ്ടെങ്കിലും സിലിണ്ടറിൽ ഓക്സിജൻ നഷ്ടപ്പെടും.
എന്നാൽ, ഇത്തരത്തിൽ ഒരു പരാതി ലഭിച്ചിട്ടില്ലെന്നാണ് മെഡിക്കൽ കോളജ്, ബീച്ച് ആശുപത്രി അധികൃതർ പറയുന്നത്. എന്നാൽ, സിലിണ്ടറുകൾ, പ്രതീക്ഷിത സമയം ഉപയോഗിക്കാൻ സാധിക്കുന്നില്ലെന്നും ഇതിന് പരിഹാരം കാണണമെന്നുമാണ് നഴ്സുമാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.