കോംട്രസ്റ്റ് ഏറ്റെടുക്കൽ നടപടി വൈകുന്നു; സംയുക്ത സമരസമിതി പ്രക്ഷോഭത്തിന്

കോഴിക്കോട്: മാനാഞ്ചിറയിലെ കോമൺവെൽത്ത് ട്രസ്റ്റ് ഇന്ത്യ ലിമിറ്റഡിന്റെ (കോംട്രസ്റ്റ്) ഹാന്‍ഡ്‌ലൂം വീവിങ് ഫാക്ടറി തൊഴിലാളികളുടെ സംയുക്ത സമരസമിതി തുടർപ്രക്ഷോഭത്തിന്.

ഭൂമിയും ഫാക്ടറിയും സർക്കാർ കൈവശപ്പെടുത്തുക, പേമെന്റ് കമീഷണറെ നിയമിക്കുക, നശിക്കുന്ന പൈതൃക കെട്ടിടങ്ങൾ സംരക്ഷിക്കുക, വേതന കുടിശ്ശിക നൽകുക, കമ്പനി തുറന്ന് ജോലി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വീണ്ടും പ്രക്ഷോഭം ആരംഭിക്കുന്നതെന്ന് സമരസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ലോകപ്രശസ്ത തുണിത്തരങ്ങൾ ഉൽപാദിപ്പിച്ചിരുന്ന ഫാക്ടറി 1844ലാണ് ജർമൻ ബാസൽ മിഷൻ സ്ഥാപിച്ചത്. പിന്നീട് ബ്രിട്ടീഷുകാർ ഏറ്റെടുക്കുകയും 1976ൽ ഫറ ആക്ടിനുശേഷം ഇന്ത്യൻ മാനേജ്മെന്റിന് കൈമാറുകയുമായിരുന്നു. നഷ്ടങ്ങളുടെ കണക്കു നിരത്തി 2009 ഫെബ്രുവരി ഒന്നിനാണ് ഫാക്ടറി അടച്ചുപൂട്ടിയത്. തുടർന്ന് ഭൂമി വിൽക്കാൻ ശ്രമം ആരംഭിച്ചെങ്കിലും തൊഴിലാളികൾ ഒറ്റക്കെട്ടായി എതിർത്തു.

പ്രക്ഷോഭം ശക്തമായതോടെ അന്നത്തെ എൽ.ഡി.എഫ് സർക്കാർ കോംട്രസ്റ്റ് ഏറ്റെടുക്കാൻ 2010 ജൂൺ ഒമ്പതിന് ഓർഡിനൻസ് കൊണ്ടുവന്നെങ്കിലും ബില്ല് നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കാനാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് നിർദേശിച്ചത്. 2012 ജൂലൈ 25ന് നിയമസഭ ഐകകണ്ഠ്യേന കോമൺവെൽത്ത് ഹാന്‍ഡ്‌ലൂം എടുത്തുള്ള ബിൽ പാസാക്കി.

നീണ്ട കാത്തിരിപ്പിനൊടുവിൽ മുഖ്യമന്ത്രി റെസിഡന്റ് കമീഷണറെ ചുമതലപ്പെടുത്തുകയും സംസ്ഥാന സർക്കാർ കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രിയെ ബില്ല് സംബന്ധിച്ച വിഷയങ്ങൾ ധരിപ്പിക്കുകയും ചെയ്തു. തുടർന്ന് 2018 ഫെബ്രുവരി ഒന്നിന് രാഷ്ട്രപതി ബില്ലിൽ ഒപ്പിട്ടു. എന്നാൽ, സ്ഥാപനം കൈവശപ്പെടുത്തുന്ന നടപടികൾ സർക്കാർ തലത്തിൽ പുരോഗമിച്ചില്ല. നിലവിൽ ഫാക്ടറിയുടെ ചരിത്ര പുരാതന കെട്ടിടങ്ങളടക്കം നശിക്കുകയാണ്.

അടച്ചുപൂട്ടിയ കാലത്തെ എല്ലാ ആനുകൂല്യങ്ങളും നൽകാൻ 2017 മാർച്ചിൽ ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ വിധിച്ചെങ്കിലും നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ തൊഴിലാളികൾക്ക് ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഹൈകോടതിയിൽ കേസും നിലവിലുണ്ട്. അതിനിടെ, ഒന്നര ഏക്കറോളം ഭൂമി പുറത്തുള്ളവർ കൈവശപ്പെടുത്തുകയും ചെയ്തു.

പൂട്ടുമ്പോൾ നിലവിലുണ്ടായിരുന്ന 107 തൊഴിലാളികൾക്കുള്ള ഏക ആശ്രയം കെ.എസ്.ഐ.ഡി.സി മാസത്തിൽ നൽകിയ 5,000 രൂപയായിരുന്നു. എന്നാൽ, മരിച്ചവർക്കും പെൻഷൻ പ്രായം ആയവർക്കും ഈ ആനുകൂല്യം ഇപ്പോൾ ലഭിക്കുന്നുമില്ല. വിഷയങ്ങൾ ചൂണ്ടിക്കാട്ടി സമരസമിതി വ്യവസായ മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.

ചർച്ചയിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കണമെന്നാണ് ആവശ്യം. ജനറൽ കൺവീനർ ഇ.സി. സതീശൻ, അഡ്വ. എം. രാജൻ, പി. ശശിധരൻ, ബിജു ആന്റണി, ബി.കെ. പ്രേമൻ, പി. ശിവപ്രകാശ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Common wealth trust takeover action delayed-Joint strike committee for agitation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.