ചോമ്പാല മത്സ്യബന്ധന തുറമുഖം
വടകര: ചോമ്പാല മത്സ്യബന്ധന തുറമുഖം അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടുന്നു. മത്സ്യത്തൊഴിലാളികളുടെ വർഷങ്ങളായുള്ള ആവശ്യമാണ് പുലിമുട്ടിന് ആഴം കൂട്ടണമെന്നത്. എന്നാൽ, പദ്ധതി കടലാസിൽ ഒതുങ്ങുകയാണ്. ലക്ഷങ്ങൾ ചെലവഴിച്ച് നടത്തിയ ഡ്രെഡ്ജിങ് ഗുണകരമല്ലാത്ത രീതിയിൽ നടത്തിയതിനാൽ ചളിനിറഞ്ഞ് മത്സ്യബന്ധന യാനങ്ങൾ കരക്കടുപ്പിക്കാൻ പറ്റാത്ത അവസ്ഥയാണ്. വേലിയേറ്റ സമയങ്ങളിൽ വള്ളങ്ങൾക്ക് ഇത് ഏറെ പ്രയാസം സൃഷ്ടിക്കും. ഹാർബറിലെ മലിനജലമൊഴുക്കിന് ഫലപ്രദമായ സംവിധാനം ഇല്ലാത്തതിനാൽ ഹാർബർ വൃത്തിഹീനമാണ്. ടോൾപിരിവ് നടത്തുന്നവർ ഒരുക്കേണ്ട അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുന്നില്ല.
ലേലപ്പുരയിൽ മത്സ്യ ലേലത്തിന് ആവശ്യമായ സൗകര്യമില്ലാത്തതിനാൽ തീരത്തുനിന്ന് തന്നെയാണ് ലേലം നടക്കുന്നത്. പഴകിയതും ദ്രവിച്ചതും ഉപയോഗശൂന്യമായതുമായ നിരവധി വള്ളങ്ങളാണ് തീരത്തോടുചേർന്ന് അലക്ഷ്യമായി നിർത്തിയിട്ടിരിക്കുന്നത്. കൊതുകു വളർത്ത് കേന്ദ്രങ്ങളായി മാറുന്ന വള്ളങ്ങൾ നീക്കാൻ നടപടിയില്ല. ആവശ്യമായ ശുചിമുറിയുടെ അഭാവം തൊഴിലാളികളെ വലക്കുന്നുണ്ട്.
പ്രാദേശിക മത്സ്യത്തൊഴിലാളികൾക്കുപുറമെ പുറത്തുനിന്നുകൂടി ആളുകൾ എത്തുന്നതോടെ ഹാർബർ വീർപ്പുമുട്ടുകയാണ്. മത്സ്യ ഇറക്കുമതിയും കയറ്റുമതിയും നടക്കുന്ന ഹാര്‍ബറിൽ വാഹനങ്ങൾക്ക് പാര്‍ക്കിങ് സൗകര്യം വേണ്ട രീതിയിലില്ല. ഈ സാഹചര്യത്തില്‍ ഹാർബറിന് മുന്നിൽ പലയിടത്തായി പാര്‍ക്ക് ചെയ്യുകയാണ് വാഹനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.