കോഴിക്കോട്: കോർപറേഷൻ പരിധി വർധിപ്പിച്ചിട്ടും കൂട്ടിച്ചേർക്കപ്പെട്ട പഞ്ചായത്തുകളിലെ ഓട്ടോ തൊഴിലാളികൾക്ക് സി.സി പെർമിറ്റ് അനുവദിക്കാത്തത് സംഘർഷത്തിന് ഇടയാക്കുന്നു. ബേപ്പൂർ, ചെറുവണ്ണൂർ, എലത്തൂർ പഞ്ചായത്തുകൾ കോഴിക്കോട് കോർപറേഷനിൽ കൂട്ടിച്ചേർത്തെങ്കിലും ഇവിടെ സർവിസ് നടത്തിയിരുന്ന ഓട്ടോകൾക്ക് സി.സി പെർമിറ്റ് അനുവദിച്ചിട്ടില്ല. ഇവർക്ക് ഇപ്പോഴും റൂറൽ പെർമിറ്റാണുള്ളത്.
ഇത്തരം ഓട്ടോകൾ കോർപറേഷൻ പരിധിയിൽ സർവിസ് നടത്തുന്നതിനെ ഒരു വിഭാഗം എതിർക്കുന്നതാണ് പ്രശ്നത്തിന് ഇടയാക്കുന്നത്. അതിനാൽ ബേപ്പൂർ, ചെറുവണ്ണൂർ, എലത്തൂർ പഞ്ചായത്തുകളിലെ റൂറൽ പെർമിറ്റ് വാഹനങ്ങൾക്കും സി.സി പെർമിറ്റ് നൽകുന്നതിന് മേയർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമായി.
മീഞ്ചന്ത, അരീക്കാട്, വട്ടക്കിണർ, കാരപ്പറമ്പ്, എലത്തൂർ, വെസ്റ്റ്ഹിൽ തുടങ്ങിയ ഭാഗങ്ങളിൽ ഇക്കാര്യത്തിൽ ഓട്ടോ തൊഴിലാളികൾ തമ്മിൽ തർക്കം പതിവാണ്. സി.സി പെർമിറ്റ് വാഹനങ്ങളുടെ എണ്ണം കൂടുതലാണെന്നും അതിനാൽ ബേപ്പൂർ, ചെറുവണ്ണൂർ, എലത്തൂർ ഭാഗങ്ങളിലെ റൂറൽ പെർമിറ്റ് വാഹനങ്ങൾ കോർപറേഷൻ പരിധിക്ക് പുറത്ത് സർവിസ് നടത്തണമെന്നുമുള്ള ബാലിശമായ വാദമാണ് ഒരു വിഭാഗം ഓട്ടോ തൊഴിലാളികൾ ഉന്നയിക്കുന്നത്.
തർക്കം അവസാനിപ്പിക്കാൻ കോർപറേഷനോട് കൂട്ടിച്ചേർക്കപ്പെട്ട പ്രദേശങ്ങളിൽ വർഷങ്ങളായി സർവിസ് നടക്കുന്ന ഓട്ടോ തൊഴിലാളികൾക്കും ഉടൻ സി.സി പെർമിറ്റ് അനുവദിക്കണമെന്നാണ് സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി ട്രേഡ് യൂനിയനുകളുടെ ആവശ്യം. എല്ലാവർക്കും സമാധാനത്തോടെ ജോലി ചെയ്യാനും തൊഴിൽ സംരക്ഷിക്കാനും അവസരം ഒരുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.