കോഴിക്കോട്: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് അടിസ്ഥാനത്തിൽ നടക്കുന്ന ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്തിലേക്ക് പൊതുജനങ്ങളുടെ പരാതികൾ സ്വീകരിക്കുന്നതിനുള്ള സമയപരിധി ഏപ്രിൽ 15 വരെ നീട്ടി. ആദ്യം നൽകിയ സമയപരിധി ഏപ്രിൽ പത്തിന് അവസാനിക്കാനിരിക്കെയാണ് പരാതി സമർപ്പിക്കുവാൻ പൊതുജനങ്ങൾക്ക് കൂടുതൽ സാവകാശം ലഭ്യമാക്കുന്നതിന്റെ ഭാഗമായി തീയതി നീട്ടിനൽകിയത്. താലൂക്ക് ഓഫിസുകളിൽ നേരിട്ടും അക്ഷയ കേന്ദ്രങ്ങളിൽ ഓൺലൈനായും പരാതികൾ സമർപ്പിക്കാം. www.karuthal.kerala.gov.in എന്ന വെബ്സൈറ്റിലാണ് പരാതി നൽകേണ്ടത്. മേയ് രണ്ട് മുതലാണ് ജില്ലയിൽ താലൂക്ക്തല പരാതി പരിഹാര അദാലത്ത് നടക്കുക. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, കെ. രാജൻ, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിൽ താലൂക്ക്തല അദാലത്തുകൾ നടക്കുക.
അദാലത്തിൽ പരിഗണിക്കുന്നതിനായുള്ള പരാതിയിൽ കക്ഷിയുടെ പേര്, വിലാസം, മൊബൈൽ നമ്പർ, ജില്ല, താലൂക്ക് എന്നിവ നിർബന്ധമായും ഉൾപ്പെടുത്തണം. പരാതി സമർപ്പിച്ച് രസീത് വാങ്ങേണ്ടതാണ്. അദാലത്തിൽ പരിഗണിക്കാൻ നിശ്ചയിച്ചിട്ടുള്ള വിഷയങ്ങൾ സംബന്ധിച്ച പരാതികൾ മാത്രമാണ് സമർപ്പിക്കേണ്ടത്. മറ്റു വിഷയങ്ങൾ സംബന്ധിച്ച പരാതികൾ വകുപ്പ് മേധാവികൾ, വകുപ്പ് സെക്രട്ടറിമാർ, വകുപ്പ് മന്ത്രിമാർ എന്നിവർക്ക് നേരിട്ടോ cmo.kerala.gov.in എന്ന വെബ് പോർട്ടലിലൂടെയോ മുഖ്യമന്ത്രിക്ക് സമർപ്പിക്കാവുന്നതാണ്. ഉദ്യോഗസ്ഥ തലത്തിൽ പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങളിൽ അദാലത്തിൽ മന്ത്രിമാർ തീരുമാനം കൈക്കൊള്ളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.