നന്മണ്ട: വീട്ടിൽ സഹായം അഭ്യർഥിച്ച് എത്തിയ പെൺകുട്ടി മൊബൈൽ ഫോൺ മോഷ്ടിച്ചു. കുട്ടമ്പൂർ മേലെപ്പാട്ട് രാജന്റെ വീട്ടിൽ നിന്നാണ് മൊബൈൽ മോഷ്ടിച്ചത്. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം.
സ്കൂളിൽ പഠിക്കുന്ന തന്റെ സഹോദരിയുടെ വിദ്യാഭ്യാസത്തിനായി എന്തെങ്കിലും സഹായിക്കണമെന്നും പഴയ വസ്ത്രങ്ങളും മറ്റും നൽകണമെന്നും പറഞ്ഞുകൊണ്ടാണ് പതിനഞ്ച് വയസ്സോളം പ്രായമുള്ള പെൺകുട്ടി രാവിലെ വീട്ടിൽ എത്തിയത്. രാജന്റെ വീട്ടിൽ പ്രായംചെന്ന അമ്മ മാത്രമായിരുന്നു ഉള്ളത്. കുടിക്കാൻ കുറച്ചു വെള്ളം വേണമെന്ന് ആവശ്യപ്പെട്ട പെൺകുട്ടി ഇതെടുക്കാനായി അമ്മ അകത്തേക്ക് പോയപ്പോൾ വീടിന്റെ വരാന്തയിൽ വെച്ചിരുന്ന 15,000 രൂപയോളം വിലയുള്ള മൊബൈൽ ഫോണുമായി കടന്നുകളയുകയായിരുന്നു.
ഈ വീടിന്റെ സമീപത്തുള്ള മിക്ക വീടുകളിലും ഇതേ രീതിയിൽ സഹായം അഭ്യർഥിച്ച് പെൺകുട്ടി ചെന്നിട്ടുണ്ട്. ചില വീട്ടുകാരോട് നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിലെന്നും മറ്റു വീട്ടുകാരോട് പാവണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിലാണ് സഹോദരി പഠിക്കുന്നതെന്നുമാണ് പെൺകുട്ടി പറഞ്ഞത്. രാജൻ കാക്കൂർ പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.