കെ.റെയിൽ: എസ്​.ഡി.പി.ഐ കലക്ടറേറ്റ് മാർച്ച് 30ന്

കോഴിക്കോട്: കെ.റെയിൽ ജനവിരുദ്ധമാണെന്നും പദ്ധതി നടപ്പാക്കാനുള്ള സി.പി.എം-ബി.ജെ.പി ഒത്തുകളി തിരിച്ചറിയണമെന്നും എസ്.ഡി.പി.ഐ ജില്ല പ്രസിഡന്റ് മുസ്തഫ കൊമ്മേരി വാർത്തസമ്മേളനത്തിൽ പറഞ്ഞു. സർവേയുടെ പേരിൽ പൊലീസ് നടത്തുന്ന നരനായാട്ട് അവസാനിപ്പിക്കണം. സർവേ തൽക്കാലം നിർത്തിവെച്ചത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കമാണ്​. സർക്കാറിന്‍റെ ജനവിരുദ്ധ നീക്കത്തിനെതിരെ മാർച്ച് 30ന് കലക്ടറേറ്റിലേക്ക്​ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഉസ്മാൻ മാർച്ച്​ ഉദ്ഘാടനം ചെയ്യും. പദ്ധതിയെ കുറിച്ച് കെ.റെയിൽ ഉദ്യോഗസ്ഥരും മന്ത്രിമാരും വ്യത്യസ്തമായ കാര്യങ്ങളാണ് പറയുന്നത്. എന്ത്​ എതിർപ്പുണ്ടായാലും പദ്ധതി കടലാസിലൊതുങ്ങാതെ നോക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ധാർഷ്ട്യത്തിന്റേതാണ്. ഇത്തരം നീക്കങ്ങൾക്കെതിരെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ പ്രതിഷേധം സംഘടിപ്പിക്കും. കിടപ്പാടവും ഉപജീവന മാർഗങ്ങളും നഷ്ടപ്പെടുന്ന ജനങ്ങൾ തെരുവിലിറങ്ങുമ്പോൾ അവരോട് മാനുഷികമായി പെരുമാറാൻ സർക്കാർ തയാറാകണം. 30 ശതമാനം മാത്രം സർക്കാർ പങ്കാളിത്തമുള്ള കെ.റെയിൽ കുത്തക മുതലാളിമാർക്കുള്ള പദ്ധതി മാത്രമാണെന്നും മുസ്തഫ കൊമ്മേരി ആരോപിച്ചു. ജില്ല ജനറൽ സെക്രട്ടറി എൻ.കെ. റഷീദ് ഉമരി, നിസാം പുത്തുർ, വി.പി. റഈസ് തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.