കോവിഡിലും കുലുങ്ങാതെ ഐ.ടി; 15,100 കോടി വരുമാനം നേടിയെന്ന് കേരള ഐ.ടി പാര്‍ക്ക്‌സ്​ സി.ഇ.ഒ

photo - john m thomas കൊച്ചി: കോവിഡ് പ്രതിസന്ധിക്കിടയിലും കേരളത്തിലെ ഐ.ടി മേഖല വന്‍ വളര്‍ച്ച നേടിയതായി കണക്കുകള്‍. 2020-21 സാമ്പത്തിക വര്‍ഷം കേരളത്തിലെ ഐ.ടി പാര്‍ക്കുകള്‍ കയറ്റുമതിയിലൂടെ മാത്രം 15,100 കോടിയാണ് വരുമാനം നേടിയതെന്ന് കേരള ഐ.ടി പാര്‍ക്ക്‌സ് സി.ഇ.ഒ ജോണ്‍ എം. തോമസ് പറഞ്ഞു.
സൈബര്‍ പാര്‍ക്ക്, ഇന്‍ഫോ പാര്‍ക്ക്, ടെക്‌നോ പാര്‍ക്ക് എന്നീ ഐ.ടി പാര്‍ക്കുകളുടെ മാത്രം കണക്കാണിത്. പരമ്പരാഗത മേഖലകള്‍ പിന്നാക്കം പോയി. ക്ലൗഡ്, ഐ.ടി സര്‍വിസ് തുടങ്ങിയ മേഖലകളില്‍ വന്‍ കുതിപ്പുണ്ടായി. 77 ശതമാനം വളർച്ച നേടിയ സൈബര്‍ പാര്‍ക്കാണ് ഏറ്റവും കൂടുതല്‍ വളര്‍ച്ച നേടിയത്. ഇന്‍ഫോ പാര്‍ക്ക് 21 ശതമാനവും ടെക്‌നോപാര്‍ക്ക് എട്ട് ശതമാനവും വളര്‍ച്ചനിരക്ക് കൈവരിച്ചു. സ്ഥല ലഭ്യതയിലെ പരിമിതിയാണ് ടെക്‌നോപാര്‍ക്കിന് തിരിച്ചടിയായത്. ഇത് താല്‍ക്കാലികം മാത്രമാണെന്നും സി.ഇ.ഒ പറഞ്ഞു.
ഐ.ടി കമ്പനികളെയും തൊഴിലാളികളെയും കേരളത്തിലേക്ക് ആകര്‍ഷിക്കുന്ന തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഇനിയും മുന്നോട്ടുപോകാനുണ്ടെന്നും ജോണ്‍ എം. തോമസ് പറഞ്ഞു. ഇന്‍ഫോപാര്‍ക്കിന്​ സമീപത്ത് വാക് വേ, സൈക്കിള്‍ ട്രാക്കുകള്‍ എന്നിവ തുടങ്ങാന്‍ കഴിയുമോയെന്ന് ആലോചിക്കുന്നുണ്ട്. ഐ.ടി പാര്‍ക്കുകളും അവയോടുചേര്‍ന്ന സ്ഥലങ്ങളും നവീകരിക്കാനുള്ള ശ്രമവും നടക്കുന്നു. സ്മാര്‍ട്ട്​ സിറ്റി ഉള്‍പ്പെടെ നിലവില്‍ ഐ.ടി പാര്‍ക്കുകളിലുള്ളത് രണ്ടുകോടി ചതുരശ്ര അടി സ്ഥലമാണ്. ഒരു കോടി ചതുരശ്ര അടി സ്ഥലം നിര്‍മാണ ഘട്ടത്തിലാണ്. 2026ഓടെ ഇത് പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ. വര്‍ക്ക് ഫ്രം ഹോമിന് പകരം ഓഫിസുകളില്‍ നേരിട്ടെത്തി ജോലി ചെയ്യുന്നതിനെയാണ് ഐ.ടി പാര്‍ക്ക് പ്രോത്സാഹിപ്പിക്കുന്നത്. ഇപ്പോള്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഐ.ടി ജീവനക്കാര്‍ക്ക് ഓഫിസുകളില്‍ തിരിച്ചുവരാനുള്ള എല്ലാ സൗകര്യങ്ങളും പാര്‍ക്കുകള്‍ നല്‍കും. ഇന്‍ഫോപാര്‍ക്കിലേക്ക് ഓട്ടോ, ഷട്ടിൽ സര്‍വിസ് ഉള്‍പ്പെടെ ഗതാഗത സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കുന്നതോടൊപ്പം ഭക്ഷണശാലകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്നും ജോണ്‍ എം. തോമസ് പറഞ്ഞു.
Tags:    
News Summary - kerala it parks ceo about it in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.