പള്ളിയിലും അയ്യപ്പക്ഷേത്രത്തിലുമെത്താൻ അടിപ്പാത വേണം

പയ്യോളി: അയനിക്കാട് ഹൈദ്രോസ് ജുമാമസ്ജിദിന്റെയും (അയനിക്കാട് പള്ളി), അയ്യപ്പക്ഷേത്രത്തിന്റെയും അടുത്ത് അടിപ്പാത നിർമിക്കണമെന്ന ആവശ്യം ശക്തമാവുന്നു. ദേശീയപാത വികസനം യാഥാർഥ്യമാവുമ്പോൾ ഖബറടക്കം ഉൾപ്പെടെ ആവശ്യങ്ങൾക്ക് റോഡിന്റെ കിഴക്കുഭാഗത്തുള്ളവർക്ക് റോഡ് മുറിച്ചുകടന്ന് പള്ളിയുമായി ബന്ധപ്പെടാൻ സാധ്യമാവാതെ വരും. അതുപോലെ ശബരിമല തീർഥാടന സമയത്ത് അയ്യപ്പഭക്തർ പതിറ്റാണ്ടുകളായി സന്ദർശിക്കുന്ന അയ്യപ്പക്ഷേത്രത്തിൽ എത്താനും റോഡ് മുറിച്ചുകടക്കണം. വിഷയം സംബന്ധിച്ച് ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിലിന് നിവേദനം നൽകി. ശ്രീ അയ്യപ്പ ടെമ്പിൾ ആൻഡ് ഹൈദ്രോസ് ജുമാ മസ്ജിദ് എൻ.എച്ച് ആക്സസ് ആക്ഷൻ കമ്മിറ്റി നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്. സ്ഥലം സന്ദർശിച്ച മന്ത്രി ബന്ധപ്പെട്ട വകുപ്പിൽ ശക്തമായ സമ്മർദം ചെലുത്താമെന്ന് ഉറപ്പുനൽകി. ക്ഷേത്ര കമ്മിറ്റിയും പള്ളികമ്മിറ്റിയും ഒരുമിച്ച് സൗഹാർദത്തോടെ പൊതുആവശ്യമായ അടിപ്പാതക്കായി ശ്രമിക്കുന്നത് വളരെ പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു. എം.പി. ജയദേവൻ അധ്യക്ഷതവഹിച്ചു. ഹൈദ്രോസ് ജുമാമസ്ജിദ് പ്രസിഡൻറ് പി.വി കുഞ്ഞബ്ദുല്ല, ആക്ഷൻ കമ്മിറ്റി കൺവീനർ സ്വാലിഹ് തങ്ങൾ, ചീഫ് കോഓഡിനേറ്റർ കെ.പി.എ. വഹാബ്, വർക്കിങ് ചെയർമാൻ കെ.കെ. ഖാലിദ്, വൈസ് ചെയർമാൻ പി.ടി. ബാബു, കൃഷ്ണൻ നായർ എന്നിവർ സംബന്ധിച്ചു. പടം അയനിക്കാട് പള്ളിക്കും അയപ്പക്ഷേത്രത്തിനും സമീപം അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിലിന് നിവേദനം സമർപ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.