കാതിരി​ക്കോയ, ഗോഡ്​ഫാദർമാരില്ലാതിരുന്ന ഫുട്​ബാൾ പ്രതിഭ

കോഴിക്കോട്​: പ്രതിഭയുണ്ടായിട്ടും ഗോഡ്​ഫാദർമാരില്ലാത്തതിനാൽ വമ്പൻ താരമാകാതെ ഒതുങ്ങിപ്പോയ താരമായിരുന്നു വ്യാഴാഴ്ച അന്തരിച്ച മുൻ കെ.എസ്​.ആർ.ടി.സി ഫുട്​ബാൾ ടീം ക്യാപ്​റ്റൻ കോയമരക്കാരകത്ത് കാതിരി കോയ. കാതു എന്ന്​ അടുപ്പമുള്ളവർ വിളിക്കുന്ന കാതിരികോയ കോഴിക്കോട്ടെ പ്രമുഖ ടീമുകളായ ഇൻഡിപെൻഡന്‍റ്​ ബഡ്​സ്​, കല്ലായി യൂത്ത്​സ്​ എന്നീ ക്ലബുകളിലാണ്​ തുടക്കത്തിൽ പന്തു​തട്ടിയത്​. ഏത്​ ആ​ംഗിളിൽനിന്നും പന്ത്​ വലയിലേക്ക്​ പായിക്കാൻ കഴിവുണ്ടായിരുന്ന സ്​ട്രൈക്കറായിരുന്നു അദ്ദേഹം. സുന്ദരമായ പാസിങ്ങുകളും കാതിരികോയയെ ശ്രദ്ധേയനാക്കി. 1972ൽ ​​ കൊല്ലത്ത് നടന്ന ദേശീയ ജൂനിയർ ഫുട്​ബാൾ ചാമ്പ്യൻഷിപ്പിൽ കാതിരിക്കോയയും കേരള ടീമിലുണ്ടായിരുന്നു. സെന്‍റർ ഫോർവേഡായി അദ്ദേഹം തിളങ്ങി. സേവ്യർ പയസും നജ്​മുദ്ദീനുമടക്കമുള്ളവർ ആ ടീമിലുണ്ടായിരുന്നു. അന്നത്തെ കേരള ടീമിലെ പലരെയും 1973ൽ സന്തോഷ്​ട്രോഫി ടീമിലേക്കും തെരഞ്ഞെടുത്തിരുന്നു​. എറണാകുളത്ത്​ നടന്ന ആ ചാമ്പ്യൻഷിപ്പിലാണ്​ കേരളം ആദ്യമായി മുത്തമിട്ടത്​. അക്കാലത്തെ പ്രമുഖ ഡിപ്പാർട്​മെന്‍റ്​ ടീമായി ​ കെ.എസ്​.ആർ.ടി.സിയെ ഉയർത്തിയതിന്​ പിന്നിൽ കാതിരികോയയുടെ പങ്ക്​ എടുത്തുപറയേണ്ടതായിരുന്നു. 1976ൽ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്​റ്റേഡിയത്തിൽ നടന്ന ഓൾ ഇന്ത്യ ട്രാൻസ്പോർട്ട് ഫുട്ബാളിൽ കെ.എസ്​.ആർ.ടി.സി ​ജേതാക്കളായപ്പോൾ ക്യാപ്​റ്റൻ കാതിരി​കോയയായിരുന്നു. ടൈറ്റസ് കുര്യനും ശശീന്ദ്രനാഥും സൈനുൽ ആബിദീനും സി. കബീർദാസും ഗോളി മജീദുമടക്കമുള്ള പ്രമുഖർ അണിനിരന്ന ടീമായിരുന്നു അത്​. മദ്രാസ്​ വിട്ടൽ ട്രോഫിയിൽ ഫൈനലിലേക്ക്​ വരെ ആ ടീം മുന്നേറിയിരുന്നു. 1977ൽ ആദ്യ ഫെഡറേഷൻ കപ്പിൽ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു കാതിരി​കോയ ഉൾപ്പെടുന്ന ട്രാൻസ്​പോർട്ട്​ ടീം. ദേശീയതാരങ്ങൾ നിറഞ്ഞ മോഹൻ ബഗാനെതിരെ കാതിരികോയയുടെ ക്യാപ്​റ്റൻസിയിലുള്ള ടീം ആദ്യം ഗോളടിച്ച ശേഷമാണ്​ കീഴടങ്ങുന്നത്​. പരിശീലകനെന്ന നിലയിൽ 2007 കാലഘട്ടത്തിൽ മികച്ച താരങ്ങളെ വാർത്തെടുക്കുന്നതിൽ കാതിരികോയ പ്രധാന പങ്കുവഹിച്ചതായി ഫുട്​ബാൾ എഴുത്തുകാരനും ഫയർഫോഴ്​സ്​ ഓഫിസറുമായ ഇ.കെ. അബ്​ദുൽ സലീം ഓർക്കുന്നു. ലാസിംഅലി, ലാമിസ്, സൗരവ്, ഷഫീൽ, പ്രശാന്ത് തുടങ്ങിയ താരങ്ങൾക്ക്​ പരിശീലനത്തിന്‍റെ ആദ്യപാഠങ്ങൾ നൽകിയിരുന്നു. കോർപറേഷ​ന്റെ ഫുട്​ബാൾ അക്കാദമിയിലായിരുന്നു അദ്ദേഹത്തിന്‍റെ സേവനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.