പനങ്ങാട് സ്കൂളിന് പുത്തൻ കെട്ടിടം; ഉദ്ഘാടനം ഇന്ന്

ബാലുശ്ശേരി: പനങ്ങാട് നോർത്ത് എ.യു.പി സ്കൂളിന് പുതിയ കെട്ടിടം. 12 ക്ലാസ് മുറികളും ഒരു ഹാളും അടങ്ങിയ ഇരുനില കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തി പൂർണമായും തീർത്താണ് ഉദ്ഘാടനത്തിന് ഒരുങ്ങിയിട്ടുള്ളത്. 17 വർഷം മുമ്പ് നടന്ന ദുരന്തത്തിന്റെ നോവുന്ന ഓർമകളുടെ ബാക്കിപത്രമായി ഈ സ്കൂൾ അങ്കണത്തിൽ പഴയ കെട്ടിടങ്ങളൊന്നും തന്നെയില്ല. 2005 ജൂലൈ 29 ന് ഉച്ചയോടെ ആഞ്ഞടിച്ച ശക്തമായ കാറ്റിൽ സ്കൂൾ മുറ്റത്തെ മരം കടപുഴകി ക്ലാസ് മുറിയിലേക്ക് വീണ് ആറാം ക്ലാസ് വിദ്യാർഥികളായിരുന്ന നെരാടി മലയിൽ ദീപ്തിയും കെട്ടിൽ അഖിലും മരിക്കുകയും മുപ്പതോളം വിദ്യാർഥികൾക്ക് പരിക്കേൽക്കുകയുമുണ്ടായി. പൂർവ വിദ്യാർഥികളും നാട്ടുകാരും പി.ടി.എയും സഹകരിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത്. ദീപ്തിയുടെയും അഖിലിന്റെയും സ്മരണക്കായി വായനശാല സ്ഥാപിച്ചിട്ടുണ്ട്. പ്രധാന അധ്യാപകനും ഓഫിസ് സ്റ്റാഫുമടക്കം 15 ഓളം പേർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. കെട്ടിടത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. അഡ്വ.കെ.എം. സചിൻ ദേവ് എം.എൽ.എ അധ്യക്ഷത വഹിക്കും. തുടർന്ന് ഗാനമേളയും വിദ്യാർഥികളുടെ കലാമേളയും അരങ്ങേറും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.