നഷ്ടമായത് നിസ്വാർഥ സേവകനെ

താമരശ്ശേരി: അത്യാവശ്യ ഘട്ടങ്ങളിൽ രക്തം വേണ്ടവർക്ക് യഥാസമയം എത്തിച്ച് നൽകാനും പാലിയേറ്റിവ് സേവനത്തിനും ഏവർക്കും അത്താണിയായിരുന്ന ബിനോയ് പുലികുന്നുമ്മലിന് വിട നൽകി ജന്മനാട്. കംപാഷണേറ്റ് കോഴിക്കോട്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിൻ തുടങ്ങിയ നിരവധി നിസ്വർഥ സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ബിനോയി. മഹാമാരികാലത്ത് എല്ലാവരും തന്നിലേക്ക് ചുരുങ്ങിയപ്പോൾ ബിനോയി ജില്ല കോവിഡ് ഹെൽപ് ഡെസ്കിൽ മുഴുസമയ സന്നദ്ധ സേവനത്തിലായിരുന്നു. സന്നദ്ധ സേവനത്തിനായി സ്വന്തം ആരോഗ്യവും ജീവിതമാർഗവും വകവെക്കാതെയായിരുന്നു പലപ്പോഴും മുന്നോട്ട് പോയത്. കംപാഷണേറ്റ് കോഴിക്കോടിന്റെ മുന്നണിയിൽ നിന്നും ബിനോയി സേവന സന്നദ്ധതയുടെ ഉദാത്ത മാതൃകയായി. കോഴിക്കോട്ടെ ജില്ല കലക്ടർമാരുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായുള്ള സൗഹൃദ ബന്ധവും ബിനോയി അശരണർക്കും ആലംബഹീനർക്കും സഹായമെത്തിക്കാനുള്ള വഴിയാണ് കണ്ടത്. രക്തദാനം മഹാദാനമാണെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച ഇദ്ദേഹം അമ്പതിൽപരം തവണയാണ് രക്തദാനം നടത്തിയത്. ബ്ലഡ് ഡോണേഴ്സ് ക്ലബ് ജില്ല പ്രസിഡൻറ് എന്ന നിലയിൽ നിരവധി പേർക്ക് ജീവരക്തം എത്തിച്ച് നൽകാനും ബിനോയി സജീവമായി. മലയോര മേഖലയിലെ നിർധന ഭിന്നശേഷി കുടുംബങ്ങളിലേക്ക് റിലീഫ് കിറ്റുകൾ എത്തിച്ചു നൽകാനും ബിനോയ് സമയം കണ്ടെത്തിയിരുന്നു. ബുധനാഴ്ച രാത്രിയാണ് ബിനോയുടെ ആകസ്മിക മരണം.വ്യാഴാഴ്ച താമരശ്ശേരി ഗവ.യു.പി സ്കൂളിലെ പൊതുദർശനത്തിനു ശേഷം വൈകീട്ട് ആറോടെ പുതുപ്പാടി ശ്മശാനത്തിൽ സംസ്കരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.