പൂനൂരിനെ ദുഃഖത്തിലാഴ്ത്തി ജപിന്‍റെ വേർപാട്​

പൂനൂർ: ശ്ര​ദ്ധേയനായ യുവ ​ബൈക്ക്​ റൈഡറുടെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി. പൂനൂർ 19 വള്ളിൽവയൽ കുന്നുമ്മൽകണ്ടി 'ജെ.പി ഭവനി'ൽ ജപിൻ ജയപ്രകാശാണ്​ (37) കഴിഞ്ഞ ദിവസം യു.എ.ഇയിലെ ഫുജൈറ ദിബ്ബയിൽ ബൈക്കപകടത്തിൽ മരിച്ചത്​. ചെറുപ്പംമുതലേ ബൈക്ക്​ റേസിങ്ങിൽ താൽപര്യമുണ്ടായിരുന്ന ജപിൻ അന്തർദേശീയ മത്സരങ്ങളിലടക്കം പ​​​ങ്കെടുത്തിട്ടുണ്ട്​. സുഹുത്തുക്കൾക്കൊപ്പം യാത്ര പോകുന്നതിനിടെ റോഡിൽ​വെച്ച്​ ബൈക്ക്​ തെന്നിമറിഞ്ഞ്​ കൈവരിയിലിടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. യു.എ.ഇയിലെ ബൈക്ക് റേസ്​ മത്സരങ്ങളിലും ബൈക്ക്​ റൈഡ്​ കൂട്ടായ്മകളിലും സജീവ സാന്നിധ്യമായിരുന്നു ഇദ്ദേഹം. 13 വർഷമായി ഗൾഫിൽ ജോലിചെയ്യുന്ന ജപിൻ, ദുബൈയിൽ കുടുംബസമേതം താമസമായിരുന്നു. പിതാവ്: പരേതനായ ജയപ്രകാശ് (വിവേകാനന്ദ ട്രാവൽസ്). മാതാവ്: പ്രേമകുമാരി. ഭാര്യ: ഡോ. അഞ്ജു ജപിൻ. മക്കൾ: ജീവ ജപിൻ, ജാൻ ജപിൻ. സഹോദരങ്ങൾ: ജസിത, ജഗത്ത്. മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമംതുടങ്ങിയിട്ടുണ്ട്​. തിങ്കളാഴ്ച മൃതദേഹം വിട്ടുകിട്ടുമെന്ന പ്രതീക്ഷയിലാണെന്ന്​​ യു.എ.ഇയിലെ സാമൂഹിക പ്രവർത്തകർ അറിയിച്ചു. ജപിന്റെ ഭാര്യയും മക്കളും നാട്ടിലെത്തിയിട്ടുണ്ട്​. ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ അറ്റസ്റ്റേഷൻ സർവിസായ ഐ.വി.എസിലെ ജീവനക്കാരനായിരുന്ന ജപിൻ അടുത്തിടെ ജോലി രാജിവെച്ച്​ സ്വന്തമായി ബിസിനസ്​ തുടങ്ങാനുള്ള ശ്രമത്തിലായിരുന്നു. ഇപ്പോൾ ആറു മാസം പ്രായമുള്ള മകനെ കാണാനായി നാട്ടിൽ വന്ന് തിരിച്ചുപോയിട്ട് മൂന്ന് മാസമായിട്ടേയുള്ളൂ. ജപിന്റെ മാതാവ്​ പ്രേമ ഞായറാഴ്ച മക‍ന്റെ അടുത്തേക്ക്​ യാ​ത്രതിരിക്കാനിരി​ക്കേയാണ്​ ദുരന്തവാർത്തയെത്തിയത്​. പിതാവ്​ ജയപ്രകാശും പിതൃസഹോദരനും 13 വർഷം മുമ്പ്​ കാറപകടത്തിൽ മരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.