മുസ്​ലിം വിരുദ്ധ ആക്രമണങ്ങള്‍ക്കെതിരെ നടപടി വേണം -ഇ.ടി

കോഴിക്കോട്: രാമനവമി ആഘോഷത്തിന്‍റെ മറവില്‍ സംഘ്പരിവാര്‍ രാജ്യത്തിന്‍റെ തലസ്ഥാനമുള്‍പ്പെടെയുള്ള എട്ടിടങ്ങളില്‍ നടത്തിയ മുസ്​ലിം വിരുദ്ധ ആക്രമണങ്ങള്‍ ആസൂത്രിതമാണെന്ന് മുസ്​ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ്​ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. വംശവെറിയും വിദ്വേഷവും ഫലപ്രദമായി തടഞ്ഞില്ലെങ്കില്‍ വലിയ വിലകൊടുക്കേണ്ടി വരും. ഉപവാസം അനുഷ്ഠിച്ച് രാമനാമം ജപിച്ചാല്‍ മോക്ഷപ്രാപ്തി കൈവരുമെന്ന് ഹിന്ദു സഹോദരങ്ങള്‍ വിശ്വസിക്കുന്ന ദിവസമാണ് ശ്രീരാമ നവമി. എന്നിട്ടും ഒരു പ്രകോപനവുമില്ലാതെ പലയിടത്തും പള്ളികളും ദര്‍ഗകളും കത്തിച്ചു. ഭരണകൂടവും നേതാക്കളും ഇത്തരം പ്രവണതകളെ ഫലപ്രദമായി തടയാന്‍ ജാഗ്രത പാലിക്കണം. മധ്യപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, ഡല്‍ഹി, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാറുകളും പൊലീസും അക്രമികള്‍ക്ക് വളം വെക്കുന്നതിന് പകരം ഇരകള്‍ക്ക് സംരക്ഷണവും അഭയവുമാണ് നല്‍കേണ്ടത്. വിഷയത്തില്‍ ഇടപെട്ട് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തെ സമീപിക്കുമെന്നും ഇ.ടി പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.