ആദി കിരണിന് സമരമുഖത്തിറങ്ങണം, ചിത്രം വരക്കണം ...പക്ഷേ

പേരാമ്പ്ര: ആദി കിരണിന് ഇനിയും പരിസ്ഥിതി സംരക്ഷണ സമരത്തിൽ പങ്കാളിയാവണം. പ്രകൃതിയുടെ സൗന്ദര്യം തന്റെ കാൻവാസിലേക്ക് പകർത്തണം... അങ്ങനെ ഒത്തിരി സ്വപ്നങ്ങളുണ്ട് ഈ 12കാരന്. എന്നാൽ, അവന്റെ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കാൻ ആയുസ്സ് നീട്ടിക്കിട്ടണം. അതിന് എത്രയും പെട്ടെന്ന് വൃക്ക മാറ്റിവെക്കൽ ശാസ്ത്രക്രിയ നടത്തണം. പിതാവ് പുളിയോട്ടുമുക്കിലെ മീത്തലെ നീലഞ്ചേരി വീട്ടിൽ രതീഷ് വൃക്ക നൽകാൻ തയാറാണെങ്കിലും ചികിത്സച്ചെലവ് 25 ലക്ഷം രൂപ വരും. ഈ തുക കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ആദിയുടെ നാട്ടുകാർ. നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ എട്ടാം തരം വിദ്യാർഥിയായ ആദി നല്ല ചിത്രകാരനാണ്. ചെങ്ങോടുമലയോട് ചേർന്നുകിടക്കുന്ന വേയപ്പാറയുടെ താഴ്വാരത്താണ് വീട്. ചെങ്ങോടുമല സമരത്തിലെല്ലാം സജീവമായി പങ്കെടുത്ത ആദി പറയുന്നത് പരിസ്ഥിതി മറന്നുകൊണ്ടുള്ള വികസനം പാടില്ലെന്നാണ്. ഈ മിടുക്കന്റെ ചിരി മായാതിരിക്കാൻ എല്ലാവരും കൂടെയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ആദി കിരണിന് മാത്രമല്ല, ഈ കുടുംബത്തിലെ മറ്റുള്ളവരും രോഗത്താൽ ദുരിതത്തിലാണ്. രതീഷിന്റെ അച്ഛനും അമ്മയും ഭാര്യയും രോഗബാധിതരായി ചികിത്സയിലാണ്. ഓട്ടോ ഡ്രൈവറായ രതീഷ് കുടുംബത്തിന്റെ ചികിത്സച്ചെലവ് താങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. മകന് വൃക്ക നൽകുന്നതോടെ കുറച്ച് കാലം രതീഷും ചികിത്സ നടത്തേണ്ടതുണ്ട്. ആദി കിരണിന്റെ ജീവൻ രക്ഷിക്കാൻ നാട്ടുകാർ ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. കമ്മിറ്റി കേരള ഗ്രാമീൺ ബാങ്ക് ചാലിക്കര ശാഖയിൽ 40173101042525 നമ്പറിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. IFSC Code -KLGB0040173. ഗൂഗ്ൾ പേ -889146464. കമ്മിറ്റി ഭാരവാഹികൾ: നൊച്ചാട് ഗ്രാമ പഞ്ചായത്ത് വാർഡ് മെംബർ അമ്പിളി (ചെയർ), മെംബർ മുണ്ടോളി ചന്ദ്രൻ (കൺ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT