താനിക്കണ്ടി-പൈതോത്ത് റോഡ്‌ കുളമായി

പേരാമ്പ്ര: നവീകരണം പാതിവഴിയിലായ താനിക്കണ്ടി-പൈതോത്ത് റോഡിലൂടെയുള്ള യാത്ര ദുരിതമായി. റോഡ് പ്രവൃത്തി കാരണം പൈതോത്ത്, താനിക്കണ്ടി ഭാഗത്തുള്ളവർ ഒറ്റപ്പെട്ട അവസ്ഥയിലാണ്. മഴ പെയ്തതോടെ ഇരുചക്ര വാഹനങ്ങൾക്കുപോലും സർവിസ് നടത്താൻ കഴിയാത്ത അവസ്ഥയിലാണ്. പുത്തൻ പുരക്കൽ താഴ, പൈതോത്ത് മേഖലയിൽ ചളിവെള്ളം കെട്ടിക്കിടക്കുന്നതിനാൽ ജീപ്പ്-ഓട്ടോ-ടാക്സി സർവിസുകളും നിലക്കുന്ന അവസ്ഥയാണ്. രോഗികളെ പോലും കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഒരു വേനൽമഴക്ക് സ്ഥിതിയിതാണെങ്കിൽ കാലവർഷം തുടങ്ങിയാൽ സ്ഥിതിയെന്തായിരിക്കുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. കഴിഞ്ഞ ആഴ്ച രാത്രിയിൽ പൈതോത്ത് പള്ളിതാഴത്ത് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്ത മധ്യവയസ്കൻ വീണ് പരിക്കേറ്റിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും റോഡ് പ്രവൃത്തി പൂർത്തീകരിക്കാത്തതിനാൽ ആറുമാസം മുമ്പ് കരാറുകാരനെ മാറ്റി. എന്നാൽ, നിലവിലുള്ള കരാറുകാരും മന്ദഗതിയിലാണ് പ്രവൃത്തി നടത്തുന്നത്. പല സ്ഥലങ്ങളിലും റോഡ് പൊളിച്ചിട്ടതിനാൽ ഇരുചക്ര വാഹനക്കാരുടെയടക്കം നടുവൊടിയുകയാണ്. മണ്ണിട്ട പ്രദേശങ്ങളിൽ ബൈക്ക് യാത്രക്കാർ വീഴുന്നത് നിത്യസംഭവമായിട്ടുണ്ട്. കാലവർഷത്തിനു മുമ്പ് റോഡ് പ്രവൃത്തി പൂർത്തിയാക്കാൻ അധികൃതർ ഇടപെടണമെന്ന് എ.പി.ജെ കൂട്ടായ്മ ആവശ്യപ്പെട്ടു. Photo: മഴ പെയ്ത് ചെളിക്കുളമായ പൈതോത്ത് റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.