നാദാപുരം മേഖലയിൽ സ്വർണക്കടത്ത് തട്ടിക്കൊണ്ടുപോകൽ വർധിക്കുന്നു

inner box..... നാദാപുരം: സ്വർണക്കടത്ത് ഇടപാടിലും മയക്കുമരുന്ന് വിതരണത്തിലും കണ്ണികളായവർ തമ്മിലുള്ള ഏറ്റുമുട്ടലും ബന്ധിയാക്കലും നാദാപുരം മേഖലയിൽ പതിവാകുന്നു. ജോലി കഴിഞ്ഞു വീട്ടിലേക്ക് പോവുകയായിരുന്ന നാലു യുവാക്കളാണ് ഒടുവിൽ തട്ടിക്കൊണ്ടുപോകലിന് ഇരയായത്. ഇവരെ ആളുമാറി തട്ടിക്കൊണ്ടുപോയെന്നാണ് പറയുന്നതെങ്കിലും സ്വർണക്കടത്ത് സംഘമാണ് പിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന. കുഴൽപണ വിതരണക്കാരെ തട്ടിക്കൊണ്ടുപോയി പണം കവരുന്ന സംഘവും സജീവമാണ്. നവംബറിൽ കടമേരിയിൽ മയക്കുമരുന്ന് ഇടപാടിന്‍റെ പേരിൽ യുവാക്കൾ ഏറ്റുമുട്ടിയപ്പോൾ കുപ്രസിദ്ധ ഗുണ്ടകളായ ചാണ്ടി ഷമീമിന്‍റെ നേതൃത്വത്തിലുള്ള വൻ സംഘമാണ് പിടിയിലായത്. മൂന്നുവർഷം മുമ്പ് നാദാപുരത്തെ സ്വർണവ്യാപാരിയെ, സ്വർണം വാങ്ങാനെന്ന പേരിൽ കബളിപ്പിച്ച് 48 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ കൊയിലാണ്ടി, കണ്ണൂർ കേന്ദ്രീകരിച്ചുള്ള സ്വർണം പൊട്ടിക്കൽ സംഘത്തിന്‍റെ പങ്ക് വ്യക്തമായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട സി.പി.എം പ്രാദേശിക നേതാവിനെതിരെ പാർട്ടി നടപടിയെടുക്കുകയുണ്ടായി. ഇയ്യങ്കോട്, പെരുമുണ്ടച്ചേരി, മുതുവടത്തൂർ എന്നിവിടങ്ങളിൽ വിദേശത്തുനിന്ന് കൊടുത്തയച്ച സ്വർണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ സംഘങ്ങൾ ഏറ്റുമുട്ടുകയും പ്രതികളിൽ ചിലർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. എന്നാൽ, യഥാർഥ കണ്ണികളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. കഴിഞ്ഞ മാസം, മകനെ കാണാനില്ലെന്നുകാണിച്ച് മുതുവടത്തൂരിലെ മാതാവ് നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണം മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് സംഘത്തിലാണ് എത്തിയത്. കേസിൽ നാദാപുരത്തെ നിയമ വിദ്യാർഥിയടക്കം നാലുപേരെ പൊലീസ് അറസ്റ്റുചെയ്തെങ്കിലും പ്രധാന പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.