യാത്രക്കാരനെ അപമാനിച്ച കണ്ടക്ടറെ വിളിച്ചുവരുത്തി താക്കീത്​ ചെയ്തു

കോഴിക്കോട്​: യാത്രക്കാരനോട്​ മോശമായി പെരുമാറിയ സ്വകാര്യ ബസ്​ കണ്ടക്ടറെ റീജനൽ ​ട്രാൻസ്​പോർട്ട്​ ഓഫിസർ വിളിച്ചുവരുത്തി താക്കീത്​ ചെയ്തു. ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ കർശന നിരീക്ഷണം നടത്തുമെന്നും പെർമിറ്റ്​ ചട്ടങ്ങൾ പാലിച്ച്​ വണ്ടിയോടിക്കാൻ ബസുടമക്ക്​ ശക്തമായ നിർദേശം നൽകിയെന്നും കോഴിക്കോട്​ ആർ.ടി.ഒ പരാതിക്കാരനായ യാത്രക്കാരനെ അറിയിച്ചു. കഴിഞ്ഞ മാർച്ച്​ എട്ടിന്​ കണ്ണൂർ-കോഴിക്കോട്​ റൂട്ടിൽ ഓടുന്ന കെ.എൽ 56 ക്യു 8334 നമ്പർ ​ശ്രീമുരുകൻ ബസിൽ യാത്രചെയ്ത എരഞ്ഞിക്കൽ ബാപ്പയിൽ കിരൺ ബാബു നൽകിയ പരാതിയിലാണ്​ നടപടി. കൊയിലാണ്ടിക്ക്​ പാവങ്ങാട്ടുനിന്ന്​ കയറിയ യാത്രക്കാരൻ വണ്ടിയിൽ അനുവദനീയമായതിലുമധികം ആളെ കുത്തിനിറച്ചതിനെപ്പറ്റി​ പറഞ്ഞപ്പോൾ 'താൻ കാറ്​ വിളിച്ച്​ പോയിക്കോളൂ'വെന്ന്​ പറഞ്ഞ്​ കൊടുത്ത പണം ബലമായി പോക്കറ്റിലിട്ട്​ വണ്ടിയിൽനിന്ന്​ പിടിച്ചിറക്കാൻ ശ്രമിച്ച്​ അപമാനിച്ചുവെന്നാണ്​ പരാതി. അസഭ്യവർഷവും നടത്തി. ബസിലെ പരാതിബുക്കിനെപ്പറ്റി ചോദിച്ചപ്പോൾ പരാതിബുക്കില്ലെന്നും എവി​ടെ വേണമെങ്കിലും പരാതി കൊടുത്തോയെന്ന്​ കളിയാക്കുകയും ചെയ്തു. കണ്ടക്ടർ നൽകിയ ടിക്കറ്റ്​ പരിശോധിച്ചതിൽ 2009 നവംബർ 26 എന്ന്​ തെറ്റായി അതിൽ രേഖപ്പെടുത്തിയതായും കണ്ടു. പെർമിറ്റിനു വിരുദ്ധമായ ഇത്തരം നടപടികൾ ചൂണ്ടിക്കാട്ടി നൽകിയ പരാതിയിലാണ്​ നടപടി. കണ്ടക്ടറുടെ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ്​ നടപടിയെന്ന്​ ആർ.ടി.ഒ യാത്രക്കാരന്​ നൽകിയ അറിയിപ്പിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT