നിയമസേവന അതോറിറ്റി തുണയായി; വിദ്യാർഥിനി പരീക്ഷയെഴുതി

കോഴിക്കോട്​: പഠനവൈകല്യമുള്ള വിദ്യാർഥിനിക്ക്​ 10ാം ക്ലാസ്​ പരീക്ഷയെഴുതാൻ വിദ്യാഭ്യാസ വകുപ്പ്​ ആനുകൂല്യം നിഷേധിച്ചപ്പോൾ ആശ്വാസമായി ജില്ല നിയമസേവന അതോറിറ്റി. അതോറിറ്റിയു​ടെ ഇടപെടലിൽ കോഴിക്കോട് ദേവഗിരി സാവിയോ ഹയർ സെക്കൻഡറി സ്കൂളിലെ 'സ്പെഷൽ ലേണിങ് ഡിസബിലിറ്റി' ഭിന്നശേഷിയുള്ള വിദ്യാർഥിനിക്ക്​ വ്യാഖ്യാതാവിന്‍റെ സഹായത്തോടെ പരീക്ഷ എഴുതാനായി. 'ബോർഡർ ലൈൻ ഇന്‍റലിജൻസ്‌' അവസ്ഥ നിർണയം നടത്തിയതിനാൽ പരീക്ഷ സംബന്ധമായ സഹായങ്ങൾക്ക് അർഹതയില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് നിലപാടെടുത്തിരുന്നു. ഇതിനെതിരെ കുട്ടിയുടെ പിതാവ് സംസ്ഥാന ഭിന്നശേഷി കമീഷണറെ സമീപിച്ചു. വിദ്യാർഥിനിക്ക് ഭിന്നശേഷി നിയമപ്രകാരമുള്ള എല്ലാ പരീക്ഷ ആനുകൂല്യവും നല്‍കണമെന്ന്​ കമീഷൻ ഉത്തരവിട്ടു. സമാന സ്ഥിതിയിലുള്ള മറ്റു കുട്ടികളുടെ കാര്യത്തിലും ഇതേ ആനുകൂല്യം അനുവദിക്കണമെന്നും കമീഷണര്‍ നിർദേശിച്ചിരുന്നു. മാർച്ച് 23ന് ഉത്തരവ് ഇറങ്ങിയെങ്കിലും വിദ്യാഭ്യാസ വകുപ്പ് ആനുകൂല്യം‍ നല്‍കാന്‍ തയാറാകാത്തതിനാല്‍ പിതാവ് ജില്ല നിയമ സേവന അതോറിറ്റിയെ സമീപിച്ചു. മാർച്ച് 29ന് പരാതിയുമായി സമീപിച്ചതില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് 30ന് ഓണ്‍ലൈനായി വാദം നടത്തി. തുടര്‍ന്ന്​ പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാർഥിനിക്ക് പരീക്ഷ ആനുകൂല്യം നല്‍കാനുള്ള ഉത്തരവ് പരീക്ഷയുടെ തലേ ദിവസം വൈകീട്ടാണ് ഇറക്കിയത്. സമാന സ്വഭാവമുള്ള ഭിന്നശേഷി കുട്ടികള്‍ക്കും ഈ ഉത്തരവിന്റെ ഗുണം ലഭിക്കും. ജില്ല നിയമ സേവന അതോറിറ്റി നടത്തിയ ഓണ്‍ലൈന്‍ അദാലത്തിലാണ് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കാന്‍ തീരുമാനമായത്. ജില്ല നിയമ സേവന അതോറിറ്റി സെക്രട്ടറി (സബ് ജഡ്ജ്) എം.പി. ഷൈജല്‍ അദാലത്തിന് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.