നാണയങ്ങളുടെ ലോകം തുറന്ന്​ കോയിൻ ഫെസ്റ്റ്​

കോഴിക്കോട്‌: ലോകത്തിലെ ഏറ്റവും ചെറിയ സ്വർണനാണയം മുതൽ ഏറ്റവും കൂടുതൽ പൂജ്യങ്ങൾ ഉള്ളതിനാൽ ഗിന്നസ്​ റെക്കോഡിൽ ഇടംപിടിച്ച കറൻസി നോട്ടുവരെയായി നാണയങ്ങളുടെ സാമ്രാജ്യമൊരുക്കിയിരിക്കുകയാണ്​ കാലിക്കറ്റ്‌ ന്യൂമിസ്‌മാറ്റിക്‌ സൊസൈറ്റിയുടെ 'കോയിൻ ഫെസ്‌റ്റ്‌ 2022'. സുകൃതീന്ദ്ര കലാമന്ദിറിൽ നടക്കുന്ന ഫെസ്റ്റിൽ വിജയനഗര സാമ്രാജ്യം 0.034 ഗ്രാം തൂക്കത്തിൽ ഇറക്കിയ ലോകത്തിലെ ഏറ്റവും ചെറിയ സ്വർണനാണയം ബെലെ, സാമൂതിരി രാജവംശത്തിലെ അത്യപൂർവമായ 'താരം', ഏറ്റവും കൂടുതൽ പൂജ്യം ഉള്ള കറൻസി എന്ന ഗിന്നസ്​ റെക്കോഡ്​ നേടിയ സിംബാബ്​വെയുടെ 14 പൂജ്യം ഉള്ള നൂറുലക്ഷം കോടിയു​ടെ ഡോളർ, ഏറ്റവും ചെറിയ കറൻസിയായ റഷ്യയുടെ കൊപിക്സ്​, വിവിധ രാജ്യങ്ങളിലെ പ്ലാസ്റ്റിക്​ കറൻസികൾ, സ്മരണിക നാണയങ്ങൾ തുടങ്ങി കൗതുകകരമായ കാഴ്ചയാണ്​ ഫെസ്റ്റിലുള്ളത്​. ഗാന്ധിജിയുടെ 150ാം ജന്മവാർഷികത്തോടനുബന്ധിച്ച്​ പുറത്തിറക്കിയ കോയിൻ, മുൻ പ്രധാനമന്ത്രി വാജ്​പേയ്​യുടെ ഓർമക്കായി ഇറക്കിയ 100 രൂപ നാണയം, 2006 ലോകകപ്പിൽ സിനദിൻ സിദാ‍ൻെറ കുപ്രസിദ്ധമായ ഫൗളി‍ൻെറയും അതിന്​ കിട്ടിയ റെഡ്​ കാർഡി‍ൻെറയും ഓർമക്കായി ഇറക്കിയ കോയിൻ, ഒളിമ്പിക്സ്​ ഓർമകൾക്കായി ഇറക്കിയ കോയിനുകൾ, മൈസൂർ രാജവംശം ആദ്യമായി പുറത്തിറക്കിയ നാണയം, ബ്രിട്ടീഷ്​ ഇന്ത്യയിലെ നാണയങ്ങൾ, പുരാതന ഭാരതത്തിലെ ജനപഥങ്ങളിലെ പഞ്ച്‌മാർക്​ഡ്‌ നാണയങ്ങൾ, കോസല, മഗധ, മൗര്യ, കുഷാന, ഗുപ്‌ത സാമ്രാജ്യങ്ങളിൽ ഉപയോഗിച്ചിരുന്ന നാണയങ്ങൾ, ഗ്രീക് -റോമൻ നാണയങ്ങൾ, ഇന്ത്യൻ ചക്രവർത്തിമാരുടെ കാലഘട്ടത്തിലെ നാണയങ്ങൾ, രാശിപ്പണം, വീരരായന്‍ പണം, വരാഹന്‍, പുത്തന്‍, ഡ്യുക്കെറ്റ് (ആമാട), പഗോഡ, മോഹര്‍ മുതലായ സ്വർണത്തിലും വെള്ളിയിലുമുള്ള അപൂർവ നാണയങ്ങളുടെ വന്‍ശേഖരം, ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ട നാണയങ്ങള്‍, ഇന്ത്യയില്‍ അധിനിവേശം നടത്തിയ ബ്രിട്ടീഷുകാരും പോർചുഗീസുകാരും ഡച്ചുകാരും ഫ്രഞ്ചുകാരും ഇന്ത്യയിലിറക്കിയ നാണയങ്ങള്‍, കറന്‍സികള്‍, 250ഓളം വിദേശ രാജ്യങ്ങളുടെ നാണയങ്ങള്‍, ഫാന്‍സി നമ്പര്‍ കറന്‍സികള്‍, അപൂര്‍വ മെഡലുകള്‍, ടോക്കണുകള്‍ എന്നിവയും പ്രദർശനത്തിനുണ്ട്​. പ്രദർശനം ഇന്നും തുടരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.