ജെ.ഡി.എസ്-എൽ.ജെ.ഡി ലയനത്തിന്​ സ്ഥാനമാനങ്ങൾ തടസ്സമാവില്ല -മന്ത്രി കൃഷ്ണൻകുട്ടി

വടകര: സോഷ്യലിസ്റ്റുകളുടെ ഐക്യം ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ജെ.ഡി.എസ്- എൽ.ജെ.ഡി ലയനത്തിന്​ സ്ഥാനമാനങ്ങൾ തടസ്സമാവില്ലെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. വടകരയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെ.ഡി.എസ്-എൽ.ജെ.ഡി ലയനം അനിവാര്യമാണ്​. ഒരേ കുടുംബത്തിലെ അംഗമായ ഞങ്ങൾക്ക് ആരുടെയും സ്ഥാനമാനങ്ങളൊന്നും ഇതിന് തടസ്സമാവില്ല. രാജ്യം ഇന്ന് അടിയന്തരാവസ്ഥക്ക്​ സമാനമായ ഘട്ടത്തിലൂടെയാണ് കടന്നുപോവുന്നത്. ലയന ചർച്ചകൾ മുമ്പ് നടന്നെങ്കിലും തീരുമാനത്തിലെത്താനായില്ല. എന്നാൽ, ഇപ്പോൾ സാഹചര്യം മാറിവന്നിരിക്കയാണ്. ജനാധിപത്യത്തിന് ഭൂഷണമല്ലാത്ത അഭിപ്രായങ്ങളാണ് ബി.ജെ.പി പ്രചരിപ്പിക്കുന്നത്. ഇതിനെതിരെ പൊതുതാല്പര്യത്തിന്റെ മൂവ്മെന്റ് ഉയർന്നുവരണം. ജനാധിപത്യത്തിൽ ഭിന്നിച്ചുനിൽക്കുന്നതിൽ അർഥമില്ലെന്നും ലയനത്തെ പൂർണമായും സ്വാഗതം ചെയ്യുന്നതായും മന്ത്രി വ്യക്തമാക്കി. ജനതാദൾ-എസ് ജില്ല പ്രസിഡന്റ് കെ. ലോഹ്യ, മണ്ഡലം പ്രസിഡന്റ് കെ. പ്രകാശൻ, സംസ്ഥാന കമ്മിറ്റി അംഗം ടി.എൻ.കെ. ശശീന്ദ്രൻ എന്നിവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT