ഉണ്ണികുളത്ത് കാട്ടുപന്നി ആക്രമണം; വയോധിക ഉൾപ്പെടെ നാലുപേർക്ക് പരിക്ക്

എകരൂൽ: ഉണ്ണികുളം പഞ്ചായത്തിൽ ജനവാസ കേന്ദ്രങ്ങളിലിറങ്ങിയ കാട്ടുപന്നിയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്. വള്ളിയോത്ത് വാർഡ് 15ലും മങ്ങാട് ഭാഗത്ത് വാർഡ് 16 ലുമാണ് ശനിയാഴ്ച രാവിലെ അരമണിക്കൂർ ഇടവേളകളിൽ പന്നിയുടെ ആക്രമണമുണ്ടായത്. രാവിലെ എട്ടിന് മങ്ങാട് കൊന്നക്കൽ ഹനീഫയെയാണ് (42) പന്നി കുത്തി പരിക്കേൽപ്പിച്ചത്. കർഷകനായ ഹനീഫ കൊന്നക്കൽ പള്ളിയുടെ അടുത്തുള്ള വയലിൽ വാഴത്തോട്ടത്തിൽ കൃഷിപ്പണി ചെയ്യുമ്പോഴാണ് പിറകിലൂടെ വന്ന കാട്ടുപന്നി ആക്രമിച്ചത്. ബഹളം കേട്ട് അയൽവാസി അബ്ദുറഹീം ഓടിയെത്തുമ്പോഴേക്കും പന്നി ഓടി മറഞ്ഞു. അരക്കെട്ടിന് മുകളിൽ പിറകുവശത്ത് ഗുരുതര പരിക്കേറ്റ ഹനീഫയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വള്ളിയോത്ത് ആനപ്പാറ ഭാഗത്ത് രാവിലെ എട്ടരയോടെ കുറുമ്പ്രാരിമ്മൽ ജസീലി​​​​ന്റെ വീട്ടുമുറ്റത്തെത്തിയ പന്നിയുടെ ആക്രമണത്തിൽ ജസീലി​​​​ന്റെ ഭാര്യ ഷമീമക്കാണ് (37) ആദ്യം കുത്തേറ്റത്. നിലവിളി കേട്ട് അടുക്കളയിൽനിന്ന് പുറത്തേക്കിറങ്ങുന്നതിനിടെ വാതിലിനടുത്തുവെച്ച് ഇവരുടെ വലിയുമ്മ ഫാത്തിമയെയും (68) ആക്രമിച്ചു. ഫാത്തിമക്ക് ഇടത് കൈക്കും ഷമീമക്ക് പുറത്തും വാരിയെല്ലിനും വീഴ്ചയിൽ തലക്കും പരിക്കേറ്റു. ഇരുവരേയും ബാലുശ്ശേരി താലൂക്കാശുപത്രിയിൽ പ്രാഥമിക ചികിത്സക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാന്തപുരം തടായിൽ സ്വദേശി അബ്ദുല്ലക്കുട്ടി ആണ് പരിക്കേറ്റ നാലമത്തെയാൾ. ലോറി ഡ്രൈവറായ ഇദ്ദേഹം വാഹനം നിർത്തി വീട്ടിലേക്ക് നടന്നുപോകുമ്പോഴായിരുന്നു പന്നിയുടെ ആക്രമണം. തൊട്ടടുത്ത പ്രദേശങ്ങളിൽ ഉണ്ടായ കാട്ടുപന്നിയുടെ ആക്രമണം ജനങ്ങളെ ഭയവിഹ്വലരാക്കിയിട്ടുണ്ട്. ഒരേ പന്നി തന്നെയാണ് തൊട്ടടുത്ത രണ്ടു പ്രദേശങ്ങളിലും ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങിയത് എന്ന് ജനങ്ങൾ സംശയം പ്രകടിപ്പിച്ചു. പകലിൽ പന്നിയിറങ്ങിയതിനെ തുടർന്ന് കുട്ടികളെ ഒറ്റക്ക് മദ്റസയിലും സ്കൂളിലും അയക്കാൻ രക്ഷിതാക്കൾ മടിക്കുകയാണ്. ഉണ്ണികുളം പഞ്ചായത്തിൽ കഴിഞ്ഞ ഏതാനും മാസമായി കാട്ടുപന്നി ശല്യം രൂക്ഷമാണ്. കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ പന്നിയുടെ ആക്രമണത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത്. പഞ്ചായത്തിലെ കർഷകരും വലഞ്ഞിരിക്കുകയാണ്. വാഴ, കപ്പ, ചേന, ഇഞ്ചി, മഞ്ഞൾ, തെങ്ങിൻ തൈ തുടങ്ങിയവ പന്നിക്കൂട്ടം കുത്തിയിളക്കി നശിപ്പിക്കുന്നത് പതിവാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT