സമരവും ഗതാഗതസ്തംഭനവും: യാത്രക്കാർക്ക്​ ദുരിതം

കോഴിക്കോട്​: സ്വകാര്യ ബസ്​ സമരം മൂന്നാം ദിവസവും യാത്രക്കാർക്ക്​ ദുരിതം തീർത്തു. ദേശീയ പണിമുടക്ക് അടക്കം മൂന്നു ദിവസം അവധിയായതിനാൽ അയൽ ജില്ലകളിലടക്കം ജോലി ചെയ്യുന്നവരും വിദ്യാർഥികളും വീട്ടിലേക്ക്​ വാഹനം കിട്ടാതെ ഏറെനേരം വഴിയിൽ കുടുങ്ങി. ബസില്ലാതെ വാഹനങ്ങളെല്ലാം നിരത്തിലിറങ്ങിയപ്പോൾ ബൈപാസിൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കുണ്ടായി. ആംബുലൻസുകൾപോലും ലക്ഷ്യത്തിലെത്താൻ വൈകി. വൈകീട്ട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വൻ തിരക്കായിരുന്നു. കെ.എസ്.ആർ.ടി.സി ബസും കുറവായിരുന്നു. റോഡിലെ ഗതാഗതക്കുരുക്ക് കാരണം ബസുകൾ എത്താൻ വൈകിയതാണ്​ പ്രശ്നമെന്ന്​ അധികൃതർ പറഞ്ഞു. കെ.എസ്​.ആർ.ടി.സി സ്റ്റാൻഡിൽ ബസിൽ കയറാൻ ആളുകൾ പെടാപ്പാട്​ പെട്ടു. ചവിട്ടുപടിയിൽ വരെ ആളുകൾ നിറഞ്ഞു. പലരും വൻ തുകക്ക്​ ടാക്സിയും മറ്റും പിടിക്കേണ്ടിവന്നു. മൂന്നു ദിവസം തുടർച്ചയായ അവധി വരുന്നതിനാൽ റെയിൽവേ സ്റ്റേഷനിലും വൻ തിരക്കായി. ഓട്ടോ കിട്ടാൻ പലരും ഏറെ കാക്കേണ്ടിവന്നു. കോഴിക്കോട് ഡിപ്പോയിൽനിന്ന് ഒമ്പതു ബസുകൾ അധികം സർവിസ് നടത്തിയതായി കെ.എസ്​.ആർ.ടി.സി അധികൃതർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT