ബസ്​ സമരം: ലാഭം കൊയ്ത് കെ.എസ്​.ആർ.ടി.സി

കോഴിക്കോട്​: സ്വകാര്യ ബസ്​ സമരത്തിൽ ലാഭം കൊയ്ത്​ കെ.എസ്​.ആർ.ടി.സി. ​ലക്ഷ്യമിട്ടതിനേക്കൾ ഏഴു ശതമാനം കൂടുതൽ വരുമാനം കണ്ടെത്താൻ കെ.എസ്​.ആർ.ടി.സി വടക്കൻ മേഖലക്കു​​ സാധിച്ചു. ​മാർച്ച്​ 25നാണ്​ ലക്ഷ്യം കടന്ന്​ വരുമാനം കണ്ടെത്തിയത്​. 107 ശതമാനമാണ്​ മാർച്ച്​ 25ന്​ വരുമാനം ലഭിച്ചത്​. സ്വകാര്യ ബസ്​ സമരത്തിനുമുമ്പ്​ 84 ശതമാനം കലക്ഷനായിരുന്നു കെ.എസ്​.ആർ.ടി.സിക്ക്​ ഉണ്ടായിരുന്നത്​. തെക്കൻ മേഖലയേക്കാൾ കൂടുതൽ സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന ജനവിഭാഗമാണ്​ വടക്കൻ മേഖലയിലുള്ളത്​. എന്നിട്ടും 84 ശതമാനം നേട്ടം എന്നത്​ ഏറ്റവും നല്ല വരുമാനമാണെന്ന്​ എക്സിക്യൂട്ടിവ്​ ഡയറക്ടർ കെ.ടി. സെബി പറഞ്ഞു. സ്വകാര്യ ബസുക​ളോട്​ മത്സരിച്ചാണ്​ ഇത്രയും വരുമാനം ഉണ്ടാക്കിയിരുന്നത്​. സ്വകാര്യ ബസുകൾ സമരത്തിലായതോടെ വരുമാനവും വർധിച്ചു. 924 ബസുകളാണ്​ വടക്കൻ ​മേഖലയിൽ സർവിസ്​ നടത്തുന്നത്​. അതിൽ 6157 ജീവനക്കാരും പണിയെടുക്കുന്നുണ്ട്​. 1,89,70,903 രൂപയായിരുന്നു വരവ്​ ലക്ഷ്യമിട്ടത്​. എന്നാൽ, മാർച്ച്​ 25ലെ വരവ്​ 2,02,98,090 രൂപയാണ്​. ബസ്​ ഒന്നിന്​ 46,994 രൂപ അധിക വരുമാനമാണ്​ ലഭിച്ചത്​. ഒരു കിലോമീറ്ററിന്​ 12 രൂപ 10 പൈസ അധികം ലഭിച്ചിട്ടുണ്ട്​. നേരത്തേ 4637 ട്രിപ്പുകളിലായി 4,38,951 യാത്രക്കാരായിരുന്നു കെ.എസ്​.ആർ.ടി.സി സൗകര്യം ഉപയോഗിച്ചിരുന്നത്​. ബസ്​ സമരം വന്നതോടെ കെ.എസ്​.ആർ.ടി.സിയെ ആശ്രയിക്കുന്നവരുടെ എണ്ണം വളരെ വർധിച്ചു. നിലവിൽ 4979 ട്രിപ്പുകളിലായി 7,19,003 പേരാണ്​ കെ.എസ്​.ആർ.ടി.സിയിൽ യാത്ര ചെയ്യുന്നത്​. അതായത്,​ 342 അധിക ട്രിപ്പുകളിലായി 2,80,052 പേരാണ്​ കൂടുതലായി യാത്ര ചെയ്തത്​. മുമ്പ്​ കിലോമീറ്ററിന്​ 47.51 രൂപയാണ്​ ശരാശരി വരുമാനം ലഭിച്ചതെങ്കിൽ സമരകാലം അത്​ 59.61 രൂപയായി വർധിച്ചു. സമരകാലത്ത്​ കൂടുതൽ ബസുകൾ സർവിസ്​ നടത്തുന്നുണ്ടെന്നും എക്സിക്യൂട്ടിവ്​ ഡയറക്ടർ പറഞ്ഞു. ജീവനക്കാരുടെ ആത്മാർഥമായ പ്രവർത്തനംകൂടി വരുമാനം വർധിക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT