കാരന്തൂർ കവർച്ച; അന്വേഷണം പുരോഗമിക്കുന്നു

കുന്ദമംഗലം: കാരന്തൂർ മെഡിക്കൽ കോളജ് റോഡിൽ വൃന്ദാവൻ ബസ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന തിരൂർ സ്വദേശി ഹബീബിന്റെ വീട്ടിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ മെഡിക്കൽ കോളജ് ഫാർമസി വകുപ്പ് ജീവനക്കാരിയായ സലീനയുടെ പരാതിയിലാണ് അന്വേഷണം. സി.സി.ടി.വി ഉൾപ്പെടെ പരിശോധിച്ച് പ്രതിക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. അടുത്തിടെ കവർച്ച കേസുകളിൽപെട്ട് ജയിൽമോചിതരായവരുടെ പേരും വിലാസവും ഫോൺ നമ്പറും ശേഖരിക്കുന്നുണ്ട്. തിങ്കളാഴ്ച രാത്രിയാണ് ഹബീബിന്റെ വാടകവീടിന്റെ വാതിൽ കുത്തിത്തുറന്ന് കവർച്ച നടന്നത്. 27 പവനും 5000 രൂപയും നഷ്ടമായിരുന്നു. കുടുംബം തിരൂരിൽ പോയി തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. കുന്ദമംഗലം പ്രദേശത്തുള്ളവർ വീട് പൂട്ടി യാത്രക്കും മറ്റും പോകുമ്പോൾ കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ ഹൗസ് ഓഫിസറെ അറിയിക്കണമെന്ന് എസ്.എച്ച്.ഒ യൂസഫ് അറിയിച്ചു. ഫോൺ: 0495 2800256.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.