മലാപ്പറമ്പിലെ ബി.എസ്.എൻ.എൽ ക്വാർട്ടേഴ്സ് വളപ്പ് വൃത്തിയാക്കും

കോഴിക്കോട്: കാടുപിടിച്ചും മാലിന്യം നിറഞ്ഞും പാമ്പുകളുടെയും ക്ഷുദ്രജീവികളുടെയും ആവാസകേന്ദ്രമായ മലാപ്പറമ്പിലെ ബി.എസ്.എൻ.എൽ ക്വാർട്ടേഴ്സ് വളപ്പ് വൃത്തിയാക്കാൻ നടപടി സ്വീകരിച്ചതായി ബി.എസ്.എൻ.എൽ ജനറൽ മാനേജർ മനുഷ്യാവകാശ കമീഷനെ അറിയിച്ചു. ക്വാർട്ടേഴ്സ് വളപ്പ് എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ബി.എസ്.എൻ.എൽ അധികൃതർ തുടർ നടപടി സ്വീകരിക്കണമെന്നും ഇക്കാര്യം ബന്ധപ്പെട്ട ഹെൽത്ത് ഇൻസ്പെക്ടർ ഉറപ്പാക്കണമെന്നും നഗരസഭ സെക്രട്ടറിക്ക് മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകി. കമീഷൻ സ്വമേധയ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. നഗരസഭ സെക്രട്ടറിയിൽനിന്ന് കമീഷൻ റിപ്പോർട്ട് വാങ്ങിയിരുന്നു. പരാതി ഉയർന്നതിനെ തുടർന്ന് ക്വാർട്ടേഴ്സ് വളപ്പ് വൃത്തിയാക്കാൻ ഹെൽത്ത് ഇൻസ്പെക്ടർ സ്ഥലപരിശോധന നടത്തി ജോയന്‍റ്​ ടെലികോം ഓഫിസർക്ക് നോട്ടീസ് നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ബി.എസ്.എൻ.എൽ സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ വൻതോതിലുള്ള ശുചീകരണം നടത്തുന്നതിന് ബുദ്ധിമുട്ടാണത്രെ. ഇത്തരം കേസുകളിൽ കേരള മുനിസിപ്പൽ ആക്ട് 427 വകുപ്പ്, 2005ലെ ദുരന്തനിവാരണ നിയമം എന്നിവ അനുസരിച്ച് നടപടി സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.