സ്വന്തം ലേഖകൻ ------------------------- കോഴിക്കോട്: വഖഫ് നിയമനം പി.എസ്.സിക്കു വിട്ടതുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി വിളിച്ച മുസ്‍ലിം സംഘടനകളുടെ യോഗം പ്രതിഷേധം തണുപ്പിക്കുന്നതിനാണെന്ന് ആക്ഷേപം. ഒരു ഭാഗത്ത് തീരുമാനം മരവിപ്പിച്ചെന്ന് പറയുകയും മറുഭാഗത്ത് നിയമനം പി.എസ്.സിക്കു തന്നെയെന്ന് നിയമസഭയിൽ മന്ത്രി വ്യക്തമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് സർക്കാർ കബളിപ്പിക്കുകയാണെന്ന ആക്ഷേപം ഉയർന്നത്. മുഖ്യമന്ത്രിയുടെ ഉറപ്പിൽ പ്രതിഷേധങ്ങളിൽനിന്ന് വിട്ടുനിന്ന സമസ്തയിലും അമർഷമുണ്ടായതോടെയാണ് ഒരുമാസം കഴിഞ്ഞ് സംഘടനകളുടെ യോഗം ഓൺലൈനിൽ ചേരുമെന്ന് പ്രഖ്യാപിച്ചത്. സംഘടനകളുടെ യോഗം വിളിക്കുമെന്ന് രണ്ടു മാസം മുമ്പുതന്നെ സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങൾക്ക് മുഖ്യമന്ത്രി വാക്കുനൽകിയിരുന്നു. പിന്നീട് സി.പി.എം സമ്മേളന തിരക്കിലായതു കാരണമാണ് യോഗം വിളിക്കാൻ കഴിയാത്തതെന്നായിരുന്നു വിശദീകരണം. മുഖ്യമന്ത്രിയുടെ ഉറപ്പിൽ പ്രതിഷേധങ്ങളിൽനിന്ന് പിന്മാറിയ സമസ്ത അധ്യക്ഷൻ, പി.എസ്.സി നിയമന നടപടിയുമായി മുന്നോട്ടുപോകുമെന്ന വഖഫ് മന്ത്രിയുടെ പ്രഖ്യാപനത്തെ തുടർന്ന് മുഖ്യമന്ത്രിയുമായി സംസാരിച്ചതിനെ തുടർന്നാണ് യോഗം വിളിക്കാൻ ധാരണയായത്. എന്നാൽ, ഒരു മാസം കഴിഞ്ഞാണ് യോഗ തീയതി നിശ്ചയിച്ചത്. ഏപ്രിൽ ആദ്യം റമദാൻ തുടങ്ങുകയുമാണ്. സമസ്തയെ പിന്തിരിപ്പിച്ചതോടെ വഖഫ് വിഷയത്തിൽ മുസ്‍ലിം സംഘടനകളുടെ യോജിച്ചുള്ള പ്രതിഷേധം ഒഴിവാക്കുന്നതിൽ വിജയിച്ചതായാണ് സർക്കാർ വിലയിരുത്തൽ. ഇപ്പോൾ മുസ്‍ലിം ലീഗ് മാത്രമാണ് പ്രത്യക്ഷ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നത്. നിയമനം പി.എസ്.സിക്കു വിടുന്നതിൽ മാറ്റമില്ലെന്ന് മന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചതോടെ, റമദാന് മുമ്പ് മറ്റു പ്രതിഷേധങ്ങൾ ഒഴിവാക്കാനാണ് ഒരുമാസം കഴിഞ്ഞ് സംഘടനകളുടെ യോഗം വിളിച്ചതെന്നാണ് ആക്ഷേപം. സ്കോളർഷിപ് പ്രശ്നത്തിലെന്ന പോലെ വഖഫ് വിഷയത്തിലും സമുദായം കബളിപ്പിക്കപ്പെടുകയാണെന്ന വികാരമാണ് സംഘടനകൾക്കകത്ത് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.