ഡോക്ടർമാരില്ല; മെഡിക്കൽ കോളജിൽ ശസ്​​​​ത്രക്രിയകൾ വൈകുന്നു

കോഴിക്കോട്​: മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ്​ ശസ്ത്രക്രിയകളെ ബാധിക്കുന്നു. കോവിഡ്​ കാലത്ത്​ നീട്ടിവെച്ച ശസ്ത്രക്രിയകളും പുതിയ കേസുകളുമെല്ലാം ചേർന്ന്​ നടക്കാനുള്ള ശസ്ത്രക്രിയകളുടെ എണ്ണം കൂടി കിടക്കുകയാണ്​. നേരത്തേ നിരവധി ശസ്​​ത്രക്രിയകൾ നടന്നിരുന്ന മെഡിക്കൽ കോളജിൽ കോവിഡ്​ വന്നതോടെ അടിയന്തര ശസ്ത്രക്രിയകൾ ഒഴികെയുള്ളവയെല്ലാം ഒന്നര വർഷത്തോളം നീട്ടിവെക്കേണ്ടി വന്നു. കോവിഡ്​ മാറിയപ്പോൾ ഈ കേസുകളെല്ലാം ഒരുമിച്ച് വന്നത് തിരക്ക്​ വർധിപ്പിച്ചിരിക്കുകയാണ്​. മെഡിക്കൽ കോളജ്​ സർജറി വിഭാഗത്തിൽനിന്ന്​ മൂന്ന്​ യൂനിറ്റുകളുടെ​ മേധാവിമാരടക്കം നാല് ഡോക്ടർമാരാണ്​ മറ്റ്​ ആശുപത്രികളിലേക്ക്​ സ്ഥലം മാറിപ്പോയത്​. നേരത്തേതന്നെ ആവശ്യത്തിന്​ ഡോക്ടർമാരില്ലാതെ വലയുന്ന, അതേസമയം, തിരക്കേറിയ വിഭാഗമാണ്​ സർജറി. അവിടെനിന്ന്​ സ്ഥലം മാറ്റിയ നാല് ഡോക്ടർമാർക്ക്​ പകരം ഒരാൾ പോലും നിയമിതനായിട്ടില്ല. രോഗികളുടെ എണ്ണം വളരെ കൂടുതലാണെന്നും ജൂലൈ വരെ എല്ലാ ദിവസങ്ങളിലേക്കുമുള്ള ശസ്​​ത്രക്രിയ തീരുമാനി​ച്ചെന്നും ശസ്​​ത്രക്രിയ വിഭാഗം മേധാവി ഡോ. ഇ.വി. ഗോപി പറഞ്ഞു. ശസ്​​ത്രക്രിയക്ക്​ എത്ര നീട്ടി തീയതി നൽകിയാലും സ്വകാര്യ ആശുപത്രികളെ സമീപിക്കാൻ സാധിക്കാത്തവർ അതിനായി കാത്തിരിക്കുകയാണ്​. ഇത്​ പലപ്പോഴും ഗുരുതരാവസ്ഥയിലേക്ക്​ രോഗികളെ എത്തിക്കുകയും ചെയ്യുന്നുണ്ട്​. കോവിഡ്​ കാലത്ത്​ മാറ്റിവെച്ച ശസ്​​ത്രക്രിയകൾ പോലും പൂർണമായി ചെയ്തുതീർക്കാൻ കഴിഞ്ഞിട്ടില്ല. ഇനിയും നിരവധി പേർ കാത്തിരിപ്പ് തുടരുകയാണ്​. കൂടുതൽ ഡോക്ടർമാരെ നിയമിച്ചാൽ തിരക്ക്​ കുറക്കാനും ശസ്​​ത്രക്രിയകൾ വേഗത്തിൽ ചെയ്തുതീർക്കാനും സാധിക്കുമെന്നാണ്​ ഡോക്ടർമാർ പറയുന്നത്​. കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ്​ സന്ദർശിച്ച ആരോഗ്യ മന്ത്രിയുടെ മുമ്പാകെ ജീവനക്കാരുടെ ക്ഷാമത്തെക്കുറിച്ച്​ അധികൃതർ അറിയിച്ചിരുന്നു. ആശുപത്രിയിൽ പുതിയ തസ്തികകൾ സൃഷ്ടിക്കാമെന്ന്​ മന്ത്രി ഉറപ്പും നൽകിയിട്ടുണ്ട്​. തസ്തിക കൂടുതൽ ലഭിക്കുകയും നിയമനം നടക്കുകയും ചെയ്താൽ തിരക്ക്​ കുറക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്​ ഡോക്ടർമാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.