കാൽ തെറ്റി കിണറ്റിൽ വീണയാളെയും  സഹായിയെയും  രക്ഷപ്പെടുത്തി

മാവൂർ: വീടിന്റ മുറ്റമതിൽ കെട്ടുന്നതിനിടെ ആൾമറയില്ലാത്ത കിണറ്റിൽ വീണ തൊഴിലാളികളെ അഗ്നിരക്ഷ സേനയെത്തി രക്ഷപ്പെടുത്തി. പെരുവയൽ പരിയങ്ങാട് പാറ ബസ് സ്റ്റോപ്പിന് സമീപം സഞ്ജയിന്റെ വീടിന്റെ മതിൽ കെട്ടുന്നതിനിടെ തിങ്കളാഴ്ച ഉച്ചക്ക് 12.30ഓടെയാണ് അപകടം. പെരുമണ്ണ പുളിക്കൽതാഴം സൈതലവിയാണ് (50) ആൾമറയില്ലാത്ത 16 കോൽ താഴ്ചയുള്ള കിണറ്റിലേക്ക് കാൽ തെറ്റി വീണത്. സഹായി ജലാൽ സിമന്റുമായി വന്നപ്പോൾ സൈതലവി കിണറ്റിൽ വീണുകിടക്കുന്നതാണ് കണ്ടത്. ഉടൻ ജലാൽ കിണറ്റിലിറങ്ങി. മറ്റു തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഇറക്കി കൊടുത്ത കസേരയിൽ സൈതലവിയെ ഇരുത്തുകയും ശ്വാസതടസ്സം നേരിട്ടതിനാൽ ടേബിൾ ഫാൻ ഇറക്കി കൊടുക്കുകയും ചെയ്തു. സ്റ്റേഷൻ ഓഫിസർ കെ.പി. ബാബുരാജിന്റെയും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ അബ്ദുൽ ഫൈസിയുടെയും നേതൃത്വത്തിൽ വെള്ളിമാടുകുന്നിൽനിന്നെത്തിയ അഗ്നിരക്ഷാ സേനയാണ് ഇരുവരെയും സുരക്ഷിതമായി പുറത്തെത്തിച്ചത്. അഗ്നിരക്ഷ ഓഫിസർ നിഖിൽ മല്ലിശ്ശേരി ചെയർ നോട്ടിൽ ഇറങ്ങി സേനാംഗങ്ങളുടെ സഹായത്താൽ ഇരുവരെയും പുറത്തെത്തിച്ചു. പരിക്ക് പറ്റിയ സൈതലവിയെ ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. അഗ്നിരക്ഷ ഓഫിസർമാരായ മനോജ്‌ മുണ്ടക്കാട്, വി. ജിതിൻ, പി. മധു, ജിജിൻ രാജ്, അബി ലജ്പത് ലാൽ, ഹോം ഗാർഡ് ബാലൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.