മെഡിക്കൽ കോളജിൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിഭാഗം തുടങ്ങും -ആരോഗ്യമന്ത്രി

കോഴിക്കോട്: മെഡിക്കൽ കോളജ്​ ആശുപത്രിയിൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിഭാഗം തുടങ്ങുന്നതിന്​ നടപടികൾ ആരംഭിക്കുമെന്ന്​ ആരോഗ്യമന്ത്രി വീണ ജോർജ്. മെഡിക്കൽ കോളജിൽ വിവിധ വകുപ്പു മേധാവികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. നിലവിൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിഭാഗം മെഡിക്കൽ കോളജിൽ ഇല്ല. നവജാത ശിശുപരിചരണത്തിനായി നിയോ നാറ്റോളജി എന്ന പ്രത്യേക വകുപ്പ്​ അനുവദിക്കും. പീഡിയാട്രിക് കാർഡിയാക് സർജറി നടത്താനുള്ള ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്താനും യോഗത്തിൽ തീരുമാനിച്ചു. ജീവനക്കാരുടെ രൂക്ഷക്ഷാമം നേരിടുന്ന ആശുപത്രിയിൽ പുതിയ തസ്തികകൾ സൃഷ്ടിക്കുമെന്ന്​ മന്ത്രി ഉറപ്പു നൽകി. ആശുപത്രിയുടെ അത്യാഹിത വിഭാഗം പുതുതായി നിർമിച്ച, നിലവിൽ കോവിഡ്​ ആശുപത്രിയായി പ്രവർത്തിക്കുന്ന പി.എം.എസ്.എസ്.വൈ ബ്ലോക്കിലേക്ക് ഒരു മാസത്തിനുള്ളിൽ മാറ്റിസ്ഥാപിക്കാനും തീരുമാനമായി. പി.എം.എസ്​.എസ്​.വൈ ബ്ലോക്കിൽ നിലവിൽ ഒരു ഐ.സി.യു രോഗി ഉൾപ്പെടെ 12 കോവിഡ്​ രോഗികളാണുള്ളത്​. ഇവരെ മെഡിക്കൽ വാർഡുകളിലേക്ക്​ മാറ്റും. ആശുപത്രിയിലെ പൊതുമരാമത്ത്​ പണികളുടെ വേഗം വർധിപ്പിക്കുന്നതിനായി വിവിധ വകുപ്പുകളെ സമന്വയിപ്പിച്ച് എം.എൽ.എ, മെഡിക്കൽ കോളജിലെ പൊതുമരാമത്ത് വിഭാഗം, ആശുപത്രി അധികാരികൾ എന്നിവർ പങ്കെടുക്കുന്ന അവലോകന യോഗം ബുധനാഴ്ച പൊതുമരാമത്ത് മന്ത്രിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് വിളിച്ചുചേർക്കാനും തീരുമാനമായി. യോഗത്തിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, എ. പ്രദീപ്കുമാർ, പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ, സൂപ്രണ്ട് ഡോ. എം.പി. ശ്രീജയൻ, ഐ.എം.സി.എച്ച് സൂപ്രണ്ട് ഡോ. സി. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു. കോഴിക്കോട്​ ജെന്‍റർ പാർക്കും മന്ത്രി സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.