നാദാപുരത്തെ ലഹരിവേട്ട: പിടിയിലായവർ മുഖ്യവിൽപനക്കാർ 

നാദാപുരം: അയ്യായിരത്തിലധികം പാക്കറ്റ് ലഹരിവസ്തുക്കളും മാരക സിന്തറ്റിക് മയക്കുമരുന്നായ എല്‍.എസ്.ഡിയുമായി അറസ്റ്റിലായ പേരോട് സ്വദേശി തട്ടാറത്ത് നൗഷാദും വരിക്കോളി സ്വദേശി ചമ്മത്തില്‍ നൗഫലും നാദാപുരം മേഖല ലഹരി വിൽപനയിലെ മൊത്ത വിതരണക്കാരെന്ന് പൊലീസ് ചോദ്യംചെയ്യലിൽ വ്യക്തമായി. ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. നൗഷാദിനെതിരെ ജെ.ജെ ആക്ട് പ്രകാരവും നൗഫലിനെതിരെ മാരകമായ മയക്കുമരുന്ന് വിൽപന ഉൾപ്പെടെയുള്ള വകുപ്പുകളുമാണ് ചുമത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് പ്രതികളെ പിടികൂടിയത്. സ്കൂൾ കുട്ടികളെയും കോളജ് വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യംവെച്ചാണ് ലഹരി മരുന്നും പുകയില ഉൽപന്നങ്ങളും വില്‍പന നടത്തുന്നത്. കർണാടകയിൽനിന്ന് വൻതോതിൽ ലഹരി ഉൽപന്നങ്ങൾ എത്തിച്ചശേഷം സ്വന്തം വീടുകളിലാണ് സൂക്ഷിക്കുന്നത്. പിന്നീട് ആവശ്യക്കാര്‍ക്കും കടകളിലും എത്തിച്ചുനല്‍കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒന്നര മാസത്തിനിടെ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് പത്തിലേറെ എം.ഡി.എം.എ, കഞ്ചാവ് ഉൾപ്പെടെയുള്ള മാരക ലഹരി വിൽപനക്കാരെയാണ് പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.