വനിതകള്‍ക്ക് സ്വയംതൊഴിൽ: വായ്പകളുമായി കേരള ബാങ്ക്

കോഴിക്കോട്: സ്ത്രീകൾക്കായി കേരള ബാങ്ക് ആവിഷ്‌കരിച്ച പത്തിലധികം വായ്പകളുടെ വിതരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ വനിത സഹകരണ സംഘങ്ങളുടെ ഏകദിന ശില്‍പശാല നടത്തി. വനിത സഹകരണ സംഘങ്ങളില്‍ അംഗങ്ങളായ സ്ത്രീകള്‍ക്ക് ഒറ്റക്കോ ഗ്രൂപ്പുകളായോ സ്വയം തൊഴില്‍ കണ്ടെത്താനും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുമായി മഹിള ശക്തി സ്വയം തൊഴില്‍ സഹായ വായ്പ പദ്ധതി പ്രകാരമാണ് വായ്പകള്‍ അനുവദിക്കുന്നത്. ഫുഡ് കാറ്ററിങ് സംരംഭം തുടങ്ങാന്‍ ഒരു ലക്ഷം രൂപ വരെയും ബിസിനസ് ആവശ്യങ്ങള്‍ക്ക് അഞ്ച്​ ലക്ഷം വരെയും വായ്പ നൽകും. ബ്യൂട്ടിപാര്‍ലര്‍, തയ്യല്‍ തുടങ്ങി ചെറുകിട സംരംഭങ്ങള്‍ക്ക് രണ്ട്​ ലക്ഷം വരെ നൽകും. 45,000 രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപയും വായ്പ നൽകും. കേരള ബാങ്ക് റീജനൽ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശിൽപശാല കേരള ബാങ്ക് ഡയറക്ടര്‍ ഇ. രമേശ് ബാബു ഉദ്ഘാടനം ചെയ്തു. എന്‍.സി.ഡി.സി എക്‌സലന്‍സ് അവാര്‍ഡ് നേടിയ ചക്കിട്ടപ്പാറ വനിത സഹകരണ സംഘത്തെയും സഹകരണ വകുപ്പിന്റെ വനിതദിന അവാര്‍ഡ് നേടിയ കാരശ്ശേരി വനിത സഹകരണ സംഘത്തെയും ആദരിച്ചു. ജനറല്‍ മാനേജര്‍ സി. അബ്ദുല്‍ മുജീബ് അധ്യക്ഷത വഹിച്ചു. കെ.എം. റീന, ജോസ്‌ന ജോസ്, ടി.കെ. ജീഷ്മ, സി.കെ. വേണുഗോപാലന്‍ എന്നിവര്‍ ക്ലാസെടുത്തു. ഡി.ജി.എം പി. ബാലഗോപാലന്‍ സ്വാഗതവും എം.വി. ധർമജന്‍ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.