തൊഴിൽതർക്കത്തെ തുടർന്ന് അടച്ച കട തുറന്നു; സമരം ശക്തമാക്കാൻ സമരസമിതി

പേരാമ്പ്ര: ചുമട്ടുതൊഴിലാളി സമരത്തെ തുടർന്ന് അടച്ചുപൂട്ടിയ പേരാമ്പ്ര സി.കെ മെറ്റീരിയൽസ് ചൊവ്വാഴ്ച തുറന്നു. കട തുറക്കണമെന്നാവശ്യപ്പെട്ട് കടയിൽ നിലവിലുണ്ടായിരുന്ന തൊഴിലാളികൾ സമരം നടത്തിയതിനെ തുടർന്നാണ് കട തുറന്ന് പ്രവർത്തിച്ചത്. എന്നാൽ, സംയുക്ത ചുമട്ടുതൊഴിലാളികൾ കടക്ക് മുന്നിൽ ആരംഭിച്ച സമരം ശക്തമാക്കാൻ തീരുമാനിച്ചു. കഴിഞ്ഞ 24 ദിവസമായി തുടരുന്ന സമരത്തിൽനിന്ന് വ്യത്യസ്തമായ സമരമായിരിക്കും ബുധനാഴ്ച മുതൽ ആരംഭിക്കുകയെന്ന് ചുമട്ടുതൊഴിലാളികൾ പറയുന്നു. കടയിലേക്ക് വരുന്ന ലോഡ് ചുമട്ടുതൊഴിലാളികൾ തന്നെ ഇറക്കാനാണ് തീരുമാനമെന്നറിയുന്നു. ചുമട്ടുതൊഴിലാളികളെ ഒഴിവാക്കി ഉടമ സ്വന്തം തൊഴിലാളികളെ വെച്ച് കയറ്റിറക്ക് നടത്തിയതോടെ ഫെബ്രുവരി 12നാണ് സി.ഐ.ടി.യു, എസ്.ടി.യു, എച്ച്.എം.എസ് തൊഴിലാളികൾ കടക്ക് മുന്നിൽ പന്തൽകെട്ടി സമരം തുടങ്ങിയത്. ഹൈകോടതി ലേബർ കാർഡ് അനുവദിച്ച തൊഴിലാളികളെ വെച്ച് നിയമപരമായാണ് തൊഴിലെടുപ്പിക്കുന്നതെന്നാണ് ഉടമ സി.കെ. ബിജു പറയുന്നത്. ചുമട്ടുതൊഴിലാളികളും ഉടമയുമായി രണ്ടുവട്ടം ചർച്ച നടത്തിയെങ്കിലും ഇരുവിഭാഗവും വിട്ടുവീഴ്ചക്ക് തയാറായില്ല. സമരത്തെ തുടർന്ന് ഉടമ കഴിഞ്ഞദിവസം കട പൂട്ടിയതോടെ നിലവിലുണ്ടായിരുന്ന ഒമ്പത് തൊഴിലാളികൾ സമരരംഗത്തിറങ്ങുകയായിരുന്നു തുടർന്നാണ് കട തുറന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.