ക്രമസമാധാനത്തകര്‍ച്ച: മാർച്ച്​ നാലിന്​ യു.ഡി.എഫ് കലക്ടറേറ്റ് ധർണ

കോഴിക്കോട്: സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നതിനാൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ജില്ല കമ്മിറ്റി ആഭിമുഖ്യത്തില്‍ കലക്ടറേറ്റ്​ ധര്‍ണ നടത്തുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാര്‍ച്ച് നാലിന് രാവിലെ 10.30ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. എം.പിമാരായ കെ. മുരളീധരന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, എം.കെ. രാഘവന്‍, എം.പി അബ്ദുസ്സമദ് സമദാനി, രാജ് മോഹന്‍ ഉണ്ണിത്താന്‍, പി.വി. അബ്ദുൽ വഹാബ്, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റ്​ അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ, മുസ്‍ലിം ലീഗ് നേതാവ് ഡോ. എം.കെ. മുനീര്‍ എം.എല്‍.എ, മറ്റ് ഘടകകക്ഷി നേതാക്കള്‍ എന്നിവരും ധർണയിൽ പങ്കെടുക്കും. ദിനംപ്രതി സംസ്ഥാനത്തെ ക്രമസമാധാനനില തകരുകയാ​ണെന്നും കൊലപാതകവും അക്രമങ്ങളും നിത്യസംഭവമായെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം നന്മണ്ടയില്‍ സിനിമ നിര്‍മാതാവിനു നേരെ വെടിവെപ്പും ഗുണ്ട ആക്രമണം നടന്നതും ഞായറാഴ്ച പുലർച്ചെ വെള്ളയില്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ യുവാവിന് വെട്ടേറ്റതും ഒടുവിലത്തെ ഉദാഹരണമാണ്. ആഭ്യന്തര വകുപ്പ് പൂര്‍ണ പരാജയമാണെന്നാണ് ഈ അക്രമസംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതിനെതിരെയാണ് യു.ഡി.എഫിന്‍റെ പ്രതിഷേധമെന്നും ഭാരവാഹികൾ അറിയിച്ചു. യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ കെ. ബാലനാരായണന്‍, ജില്ല കൺവീനർ എം.എ. റസാഖ് മാസ്റ്റർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.