മഞ്ഞപ്പുഴ പുനരുജ്ജീവന പ്രവൃത്തി ഉദ്ഘാടനം ഇന്ന്

ബാലുശ്ശേരി: മഞ്ഞപ്പുഴ പുനരുജ്ജീവന പദ്ധതി പ്രവൃത്തി ഉദ്ഘാടനം പനങ്ങാട് പഞ്ചായത്തിലെ കോട്ടനട ഭാഗത്ത് ഞായറാഴ്ച ഉച്ച 2.30ന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. രണ്ടുകോടി രൂപയുടെ പ്രവൃത്തികളാണ് ഒന്നാംഘട്ടത്തിൽ നടക്കുന്നത്. ജലസംരക്ഷണ പ്രവർത്തനങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ ഊന്നൽനൽകിയിട്ടുള്ളത്. മഞ്ഞപ്പുഴയുടെ പ്രധാന കൈവഴിയായ കോട്ടനട പുഴയിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കംചെയ്ത് ജലസംഭരണശേഷി വർധിപ്പിക്കും. കരയുടെ ഇരുഭാഗങ്ങളിലും കരിങ്കൽഭിത്തി നിർമിച്ച് കൈവരികളോടുകൂടിയ നടപ്പാലവും സ്ഥാപിക്കുന്നുണ്ട്. ആറാളക്കൽ താഴെ 22 മീറ്റർ നീളത്തിൽ തടയണ നിർമിച്ച് സമീപപ്രദേശത്തെ പാടശേഖരത്തിലെ കൃഷിക്ക് ഉപകാരപ്രദമാക്കും. കാട്ടാമ്പള്ളി ഭാഗത്ത് പുഴയിലെ ചളി നീക്കംചെയ്ത് കാട്ടാമ്പള്ളി ബണ്ടിന്റെ കേടുവന്ന ഭിത്തികൾ പുനർനിർമിക്കും. ജലസേചനത്തിനായി മോട്ടോർ സ്ഥാപിക്കുന്നതിനായി അഞ്ചു ലക്ഷം രൂപയും പദ്ധതിയിലുൾപ്പെടുത്തിയിട്ടുണ്ടെന്ന് പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ, സെക്രട്ടറി മുഹമ്മദ് ലുക് മാൻ, ആർ.സി. സിജു, കെ.പി. ദ്വിലീപ് കുമാർ, പി. പത്മനാഭൻ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.