ബീച്ച്​ ആശുപത്രിയിൽ സൗജന്യ പക്ഷാഘാത ചികിത്സ തുടങ്ങി

കോഴിക്കോട്​: ബീച്ച്​ ജനറൽ ആശുപത്രിയിൽ സൗജന്യ പക്ഷാഘാത (സ്‌ട്രോക്) ചികിത്സ തുടങ്ങി. ജില്ലയിലെ ആരോഗ്യ വകുപ്പിനു കീഴിലുള്ള ആദ്യത്തെ സ്‌ട്രോക്കിനുള്ള ത്രോംബോലൈസിസ് ചികിത്സയാണ്​ ജനറല്‍ ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയായത്​. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന്​ അധികൃതർ അറിയിച്ചു. സ്‌ട്രോക് ചികിത്സക്ക് നേതൃത്വം നല്‍കിയ ന്യൂറോളജിസ്റ്റ് ഡോ. മുഹമ്മദ് റിജോഷ്, മറ്റു ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റു വിഭാഗം ജീവനക്കാര്‍ എന്നിവരെ ആരോഗ്യമന്ത്രി വീണ ജോർജ്​ അഭിനന്ദിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ജീവിതശൈലീരോഗ നിയന്ത്രണ പദ്ധതിയുടെ കീഴിലുള്ള പക്ഷാഘാത നിയന്ത്രണ പരിപാടിയുടെ (ശിരസ്) ഭാഗമായാണ് സ്‌ട്രോക് യൂനിറ്റ് ആരംഭിച്ചത്. ആധുനിക സൗകര്യങ്ങളോടുകൂടിയ സ്‌ട്രോക് ഐ.സി.യു, ത്രോമ്പോലൈസിസ് ചികിത്സക്കാവശ്യമായ മരുന്നുകള്‍ എന്നിവ ആരോഗ്യവകുപ്പ് സജ്ജമാക്കി. ഇതോടെ മെഡിക്കല്‍ കോളജുകളിലും സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രികളിലും മാത്രം ലഭിച്ചിരുന്ന ഈ ചികിത്സ ജില്ല ആശുപത്രികളിലും ലഭ്യമായി. പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളാരംഭിച്ച് കഴിഞ്ഞാല്‍ വിന്‍ഡോ പീരിയഡായ നാലര മണിക്കൂറിനുള്ളില്‍ സ്‌ട്രോക് ചികിത്സ നല്‍കിയെങ്കില്‍ മാത്രമേ അതിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ. എല്ലാ ജില്ലകളിലും സ്‌ട്രോക് യൂനിറ്റുകള്‍ വരുന്നതോടെ ആ ജില്ലകളില്‍തന്നെ രോഗികള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കാന്‍ സാധിക്കുമെന്ന്​ മന്ത്രി പറഞ്ഞു. അധികദൂരം യാത്രചെയ്യാതെ അവരുടെ ജില്ലകളില്‍തന്നെ സൗജന്യ സ്‌ട്രോക് ചികിത്സ ലഭ്യമാകുന്ന സംവിധാനം 10 ജില്ലകളിലാണ്​ ഇതിനകം യാഥാർഥ്യമായത്​. പടം vj ബീച്ച്​ ജനറൽ ആശുപത്രി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.