​കാശുണ്ടോ, റെക്കോഡ്​ പുസ്തകത്തിൽ കയറാം

കോഴിക്കോട്​: നിശ്ചിത സമയത്തിനകം കൂടുതൽ ഓംലെറ്റ്​ പാചകം ചെയ്തത്​ മുതൽ സംസ്ഥാനങ്ങളുടെ തലസ്ഥാനത്തി​ന്‍റെ പേര്​ പറയുന്നത്​ വരെയുള്ള 'വ്യത്യസ്തമായ കഴിവുകൾ' പ്രകടിപ്പിക്കുന്നവരാണോ നിങ്ങൾ? അതുമല്ലെങ്കിൽ ഫേസ്​ബുക്കിൽ കൂടുതൽ കുറിപ്പുകൾ എഴുതാറുണ്ടോ? കാത്തിരിക്കുന്നത്​ ഇന്ത്യൻ ​റെക്കോഡാണ്​. 7500 രൂപയുണ്ടെങ്കിൽ എന്തിനും ഏതിനും റെക്കോഡ്​ നേടാം. ചുളുവിൽ പ്രശസ്തി ആഗ്രഹിക്കുന്നവർ റെക്കോഡ്​ പുസ്തകത്തിൽ കയറിപ്പറ്റുന്നത്​ സംസ്ഥാനത്തും സജീവമാകുകയാണ്​. ഗിന്നസ്​ ബുക്ക്​ ഓഫ്​ റെക്കോഡ്​സിനും ലിംക ബുക്ക്​ ഓഫ്​ ​റെക്കോഡ്​സിനും സമാനമാണെന്ന്​ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ്​ മറ്റ്​ ​റെ​ക്കോഡ്​ പുസ്തകങ്ങളും ജനങ്ങളെ ആകർഷിക്കുന്നത്​. പണം കിട്ടുന്നതിനാൽ അപേക്ഷ നൽകുന്നവർക്കെല്ലാം അംഗീകാരം നൽകുന്ന രീതിയാണ്​ നടത്തിപ്പുകാരുടേത്​. റെക്കോഡില്ലെങ്കിൽ അഭിനന്ദനമെങ്കിലും അപേക്ഷകർക്ക്​ നൽകും. കുട്ടികളുടെ സ്വതസിദ്ധമായ, സാധാരണ കഴിവുകൾ പോലും പരിഗണിക്കുന്നതിനാൽ രക്ഷിതാക്കളാണ്​ ​ അപേക്ഷകരിലേറെയും. ചില മാധ്യമങ്ങളിലെ വാർത്തയും നാട്ടിലെ സ്വീകരണവും ​ഫ്ലക്സ്​ ബോർഡുകളും പ്രമുഖരുടെ അഭിനന്ദനവുമെല്ലാം മനസ്സിൽ കണ്ടാണ്​ രക്ഷിതാക്കൾ ഇടിച്ചുകയറുന്നത്​. തട്ടിപ്പാണെന്നറിയാതെയാണ്​ മാധ്യമങ്ങൾ ഇവ​യെക്കുറിച്ച്​ വാർത്ത നൽകുന്നത്​. ഓൺലൈൻ വഴി അപേക്ഷ നൽകുകയാണ്​ റെക്കോഡിലേക്കുള്ള ആദ്യപടി. പ്രകടനത്തി​ന്‍റെ തെളിവുകളും അയച്ചുകൊടുക്കണം. ഇവ നേരിട്ട്​ വിലയിരുത്താതെ വിഡിയോ ദൃശ്യങ്ങളും മറ്റും കണ്ടാണ്​ അംഗീകാരം നൽകുന്നത്​. അപേക്ഷകർ വിഡിയോയിൽ എഡിറ്റിങ്​ നടത്തിയാലും മനസ്സിലാകില്ല. ഗിന്നസ്​, ലിംക ബുക്ക്​ ഓഫ്​ റെ​ക്കോഡ്​സിൽ കയറിപ്പറ്റാൻ വിദഗ്​ധരായ ജൂറിയുടെ മുന്നിൽ കഴിവുകൾ ബോധ്യപ്പെടുത്തണം. എന്നാൽ, തട്ടിക്കൂട്ട്​ ബുക്ക്​ ഓഫ്​ റെക്കോഡ്​സിൽ ജൂറി അപേക്ഷകനെ നേരിട്ട്​ കാണുന്നില്ല. ജൂറിയെ വേണമെങ്കിൽ അപേക്ഷയിൽ പ്ര​ത്യേകം പറയണം. നിർബന്ധമല്ലെന്ന്​ ചുരുക്കം. അപേക്ഷ പരിശോധിച്ച ശേഷം പണമടക്കാനുള്ള അറിയിപ്പെത്തും. 7500 രൂപയാണ്​ നൽകേണ്ടത്​. സർട്ടിഫിക്കറ്റ്​, മെഡൽ, പേന, ബാഡ്ജ്​, ഐ.ഡി കാർഡ്​, റെക്കോഡ്​ പുസ്തകം എന്നിവയാണ്​ പകരം കിട്ടുന്നത്​. റെക്കോഡ്​ നേടിയ ആളാണെന്ന്​ നാട്ടുകാരെ അറിയിക്കാനായി വാഹനങ്ങളിൽ ഒട്ടിക്കാൻ രണ്ട്​ സ്റ്റിക്കറും ഇതിനൊപ്പമുണ്ട്​. മെഡലും കഴുത്തിലിട്ട്​, സർട്ടിഫിക്കറ്റും പുസ്തകവും കൈയിൽപിടിച്ച്​ പടമെടുത്ത്​ അയച്ച്​ കൊടുത്താൽ ഇ-മാഗസിനിൽ പ്രസിദ്ധീകരിക്കും. ഇന്ത്യയിൽ നിന്ന്​ റെക്കോഡ്​ നേടിയവർക്ക്​ ഏഷ്യൻ തലത്തിലും മാറ്റുരക്കാം. ഇതിനായി 11,800 രൂപയാണ്​ ഫീ​​സെന്ന്​ ഉത്തരേന്ത്യ കേ​ന്ദ്രീകരിച്ചുള്ള റെക്കോഡ്​ പുസ്തകത്തി​ന്‍റെ അധികൃതർ 'മാധ്യമ'​​ത്തോട്​ പറഞ്ഞു. സി.പി. ബിനീഷ്​ inner box കോവിഡ്​ കാലം റെക്കോഡുകളുടെ പൂക്കാലം കോഴി​ക്കോട്​: ​കോവിഡും ലോക്​ഡൗണും കാരണം വീട്ടിൽ ചടഞ്ഞിരുന്ന കാലത്താണ്​ മലയാളികൾക്കിടയിൽ റെക്കോഡിനോടുള്ള​ പ്രേമം മൂത്തത്​. ഏറ്റവും കൂടുതൽ 'റെക്കോഡുകൾ' പിറന്നതും കോവിഡ്​ കാലത്തു​ തന്നെ. 'വർക്ക്​ ​ഫ്രം ഹോം' അടിസ്ഥാനത്തിൽ കഴിവുകൾ കാണിച്ചുകൊടുക്കാമെന്നതായിരുന്നു കാരണം. വിശ്വാസയോഗ്യമായ മറ്റ്​ റെക്കോഡുകൾ ലഭിക്കാൻ ജൂറിയുടെ സാന്നിധ്യത്തിൽ കഴിവുകൾ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കണമെന്നുണ്ട്​. ഇവയിൽ ഏറെയും നിലവിലുള്ള ​റെക്കോഡുകൾ തകർക്കുന്ന പ്രകടനങ്ങളാണ്​. എന്നാൽ തട്ടിപ്പ്​ റെക്കോഡ്​ പുസ്തകത്തിൽ റെക്കോഡുകൾ തകർക്കുന്നത്​ അപൂർവമാണ്​. 'വെറൈറ്റി' പ്രകടനങ്ങളാണ്​ ഏ​റെയും. കോവിഡ്​ കാലത്ത്​ വീട്ടിലിരുന്ന്​ കേക്കുണ്ടാക്കിയതിനാണ്​ മലയാളി ദമ്പതികളുടെ ഒമ്പത്​ വയസ്സുകാരി റെക്കോഡ്​ പുസ്തകത്തിൽ കയറിയത്​. കൊല്ലത്തെ 11 വയസ്സുകാരൻ ഫേസ്​ബുക്കിൽ കൂടുതൽ 'ലൈവി' ​ന്‍റെ പേരിൽ റെക്കോഡുകാരനായി. കോവിഡ്​ ബാധിച്ച്​ മരിച്ചവരെ സംസ്കരിച്ച വ്യക്​തിയോട്​ വരെ പണം വാങ്ങി റെ​ക്കോഡ്​ സമ്മാനിച്ചിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.