ബേപ്പൂർ: മത്സ്യബന്ധന മേഖലയിലൂടെ രാജ്യാന്തര കപ്പൽ ചാലുകൾ നിർണയിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധം. സെപ്റ്റംബർ ഒന്നിന് നിലവിൽവന്ന കപ്പൽ സഞ്ചാര പാത, തീരത്തുനിന്ന് 50 നോട്ടിക്കൽ മൈൽ ദൂരത്തേക്കു മാറ്റണമെന്ന ആവശ്യവുമായി മത്സ്യത്തൊഴിലാളി സംഘടനകൾ ദേശവ്യാപക പ്രക്ഷോഭത്തിനൊരുങ്ങിക്കഴിഞ്ഞു. തിങ്കളാഴ്ച കൊല്ലം , കന്യാകുമാരി, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ കടലിലും കരയിലും പ്രക്ഷോഭത്തിന് തുടക്കമാകും. കൊടിനാട്ടിയ യാനങ്ങളുമായാണ് കടലിൽ പ്രതിഷേധം. കടലിൽ 500 മീറ്റർ ആഴത്തിനപ്പുറത്തേക്ക് കപ്പൽപാത മാറ്റണമെന്നാണ് ആവശ്യം. സംസ്ഥാനത്ത് കൊല്ലം തീരക്കടലിൽ 200 മുതൽ 500 മീറ്റർ വരെ ആഴത്തിലും 38 മുതൽ 68 നോട്ടിക്കൽ മൈൽ ദൂരെയായും, വർക്കല മുതൽ കായംകുളം തീരം വരെ വ്യാപിച്ചുകിടക്കുന്ന മത്സ്യബന്ധന മേഖലയായ കൊല്ലം ബാങ്കിലൂടെയാണ് കപ്പൽപാത കടന്നു പോകുന്നത്. കന്യാകുമാരി മുതൽ കൊച്ചി വരെയുള്ള ആയിരക്കണക്കിന് യാനങ്ങളാണ് ഈ ഭാഗത്ത് മത്സ്യബന്ധനത്തിന് എത്തുന്നത്. ചെമ്മീൻ, നെയ്മീൻ, ചൂര, ആവോലി, സ്രാവ് തുടങ്ങിയ മത്സ്യങ്ങൾ ലഭിക്കുന്ന കേന്ദ്രങ്ങൾ കൂടിയാണിത്. കേരള സമുദ്രാതിർത്തിയിലൂടെ കടന്നുപോകുന്ന തെക്കുപടിഞ്ഞാറൻ തീരത്തെ കപ്പൽസഞ്ചാര പാത ബേപ്പൂരിനും വിഴിഞ്ഞത്തിനുമിടയിൽ തീരത്തുനിന്നു 20 നോട്ടിക്കൽ മൈൽ മാത്രം അകലത്തിലാണ്. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും കൂടുതൽ മത്സ്യ ഉൽപാദനശേഷിയുള്ള മേഖലയാണിത്. രാജ്യത്ത് ഏറ്റവും കൂടുതൽ മത്സ്യബന്ധന യാനങ്ങളുള്ളതും ഈ മേഖലയിലാണ്. ചെറുതും വലുതുമായ 38,000 യാനങ്ങളാണ് മീൻപിടിത്തത്തിനായി ഇവിടെ എത്തുന്നത്. 2018 നവംബറിൽ കേരള സർക്കാർ, കപ്പൽസഞ്ചാരപാതക്കെതിരെ കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന് നിവേദനം നൽകിയെങ്കിലും പരിഗണിച്ചില്ല. ഫിഷറീസ് മന്ത്രിക്കും, ഷിപ്പിങ് മന്ത്രാലയത്തിനും മത്സ്യത്തൊഴിലാളി സംഘടനകൾ നിവേദനം സമർപ്പിച്ചിട്ടുണ്ട്. പ്രക്ഷോഭത്തിൻെറ ഭാഗമായി നവംബർ 15ന് എല്ലാ ഫിഷ് ലാൻഡിങ് സൻെററുകളും ഹാർബറുകളും കേന്ദ്രീകരിച്ചു സമരം നടത്തുമെന്ന് നാഷനൽ ഫിഷ് വർക്കേഴ്സ് ഫോറം ദേശീയ ജനറൽ സെക്രട്ടറി ടി.പീറ്റർ , കേരള സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷൻ പ്രസിഡൻറ് ജാക്സൺ പൊള്ളയിൽ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.