ആറളം ഫാം ഗവ. എച്ച്​.എസ്​.എസ്​ അന്താരാഷ്​ട്ര നിലവാരത്തിലേക്ക്

കേളകം: ആദിവാസി വിഭാഗങ്ങളിൽനിന്നുള്ള 90 ശതമാനത്തോളം വിദ്യാർഥികൾ പഠിക്കുന്ന ആറളം ഫാം ഗവ. ഹയർസെക്കൻഡറി സ്കൂളിനെ അന്താരാഷ്​ട്ര നിലവാരത്തിലേക്ക് ഉയർത്താൻ അഞ്ചുകോടിയുടെ പശ്ചാത്തലവികസനം നടപ്പാക്കാൻ ഭെൽ പ്രതിനിധി സംഘം സ്കൂളിൽ പരിശോധന നടത്തി. കെ.കെ. രാഗേഷ് എം.പി. മുൻകൈയെടുത്ത്‌ തയാറാക്കിയ പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു സന്ദർശനം. ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ് ജനറൽ മാനേജർ ദിവ്യ രംഗനാഥ്, അസി. മാനേജർ ശശിഭൂഷൺ, നിർമതികേന്ദ്രം തലശ്ശേരി എൻജിനീയർ ശ്രീനാഥ്, കെ.ജെ. അഷിൻ എന്നിവരാണ് സ്കൂളിലെത്തിയത്. 40 കോടി രൂപയുടെ ആറളം ഗോത്ര റീച്ചിങ് അവന്യൂ (അഗോറ) എന്ന പേരിൽ പദ്ധതിയുടെ രൂപരേഖയുണ്ടാക്കിയിരുന്നു. എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് രണ്ടര കോടിയും കിഫ്ബി ഒരുകോടിയും ജില്ല പഞ്ചായത്ത് രണ്ടുകോടിയും നേരത്തേ ഇതിനായി വകയിരുത്തിയിരുന്നു. പ്രധാനാധ്യാപിക എൻ. സുലോചന, പി.ടി.എ പ്രസിഡൻറ്​ കെ.ബി. ഉത്തമൻ, അധ്യാപിക രാഖി രാജ്, നിഷ എന്നിവർ ഭെൽ പ്രതിനിധികളെ സ്കൂൾ വികസന കാര്യങ്ങൾ ബോധ്യപ്പെടുത്തി. പദ്ധതിക്കും അനുബന്ധ വികസനത്തിനുമായി ആറളം ഫാമിങ് കോർപറേഷൻ 25 ഏക്കർ സ്ഥലം വിട്ടുനൽകിയിരുന്നു. ജില്ലയിൽ ആദിവാസി മേഖലയിൽ മികച്ചനിലയിൽ പ്രവർത്തിക്കുന്ന സ്കൂളാണ് ആറളം ഫാം ജി.എച്ച്.എസ്.എസ്. ഒരുഘട്ടത്തിൽ അനാദായകരമെന്ന് മുദ്രകുത്തി അടച്ചുപൂട്ടാൻ നിശ്ചയിച്ച ഫാം ഗവ. യു.പി സ്കൂളാണ് ഹയർ സെക്കൻഡറിവരെ എത്തിനിൽക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.