അറ്റൻഷൻ ന്യൂസ്​ എഡിറ്റർ

നഗരങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്ന വികസന പ്രക്രിയ നാട്ടിന്‍പുറങ്ങളിലേക്കും വഴിമാറി സഞ്ചരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. നഗരങ്ങള്‍ക്കൊപ്പം സഞ്ചരിക്കാനാണ് നാട്ടിന്‍പുറങ്ങളും ശ്രമിക്കുന്നത്. ജനകീയാസൂത്രണത്തി‍ൻെറ തുടക്കത്തോടെയാണ് അധികാരവും ഒപ്പം വികസനവും താഴേത്തട്ടിലേക്കും ഇറങ്ങിത്തുടങ്ങിയത്. അതുവരെ നിലനിന്നുവന്ന വികസന സങ്കല്‍പത്തി‍ൻെറ ഗതിമാറ്റത്തിനായിരുന്നു ജനകീയാസൂത്രണം വഴിവെച്ചത്. നാടും നഗരവും വികസനപാതയിലൂടെ സഞ്ചരിക്കുമ്പോള്‍ കണ്ണൂര്‍ ജില്ലയുടെ വികസന കുതിപ്പിന് വേഗതയേറ്റുകയാണ് കിഫ്ബി. കിഫ്ബിയുടെ വിരൽതുമ്പിലൂടെ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ പുരോഗമിക്കുന്നത്. പടിയൂര്‍ കല്യാട് ഗ്രാമപഞ്ചായത്തിലെ കല്യാട് തട്ടില്‍ സ്ഥാപിക്കുന്ന അന്താരാഷ്​ട്ര ആയുര്‍വേദ റിസര്‍ച് ഇന്‍സ്​റ്റിറ്റ്യൂട്ട്, കണ്ണൂര്‍ ജില്ലയില്‍ കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട പ്രോജക്ടുകളില്‍ ഒന്നാണ്. ആധുനിക രീതിയിലുള്ള ആയുര്‍വേദ മരുന്നുകളുടെ രാസപരവും ചികിത്സാ തോതിലുമുള്ള ക്ലിനിക്കല്‍ ട്രയല്‍, ടോക്സിസിറ്റി ടെസ്​റ്റ്​് തുടങ്ങിയവ ബയോടെക്നോളജി, നാനോടെക്നോളജി എന്നിവയുടെ സഹായത്തോടുകൂടി രാജ്യാന്തര നിലവാരത്തില്‍ ശാസ്ത്രീയമായി നടത്തുന്നതിന് വിദഗ്ധ പരീക്ഷണ ഗുണനിലവാര ലാബോറട്ടറി നിലവിലില്ലാത്തതിനാല്‍ പുതിയ മരുന്നുകള്‍ വേണ്ടത്ര ദേശീയ അന്തര്‍ദേശീയ തലത്തില്‍ രജിസ്​റ്റര്‍ ചെയ്യാന്‍ കഴിയാത്ത സാഹചര്യം നിലവിലുണ്ട്. ഈ കുറവ് പരിഹരിക്കുന്നതിനുവേണ്ടി എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍ ലഭിക്കുന്ന ഒരു ആയുര്‍വേദ പഠന ഗവേഷണ കേന്ദ്രം കൂടിയാക്കി ഇതിനെ മാറ്റുകയാണ് ലക്ഷ്യം. സ്വകാര്യ മേഖലയിലെ ആയുഷ് ഉല്‍പന്നങ്ങളുടെ രാസ, ജൈവ ബയോടെക്നോളജി ഉപയുക്തമാക്കിയുള്ള മരുന്നു പരീക്ഷണം നടത്തുന്നതിനുള്ള സൗകര്യം ലഭ്യമാക്കുക, ആയുര്‍വേദ മരുന്ന്​ ഉൽപാദിപ്പിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ തരംതിരിവ്, ഗുണമേന്മ എന്നിവ നിര്‍ണയിക്കുന്നതിനുള്ള സൗകര്യം ലഭ്യമാക്കുക, ആയുര്‍വേദ ചികിത്സാ മരുന്നുകള്‍ വികസിപ്പിക്കാനുള്ള ലാബും വിപണനം ചെയ്യാനുള്ള സ്​റ്റാര്‍ട്ട് അപ് പരിശീലന കേന്ദ്രവും ആരംഭിക്കുക, ആയുര്‍വേദ വിദ്യാര്‍ഥികള്‍ക്ക് ഗവേഷണ ശാസ്ത്രീയ സംരംഭകത്വ സിദ്ധികള്‍ ഉണ്ടാവാനുള്ള വിദഗ്ധ പരിശീലനത്തിനും പഠനത്തിനുമുള്ള സൗകര്യം ഉണ്ടാക്കുക, ഇന്ത്യയിലും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലും പ്രചാരത്തിലുള്ള ആയുര്‍വേദത്തി‍ൻെറ വിവിധ ആധാര ഗ്രന്ഥങ്ങളും ചികിത്സാരീതികളും ക്രോഡീകരിച്ച് തര്‍ജമ ചെയ്ത് ലഭ്യമാക്കുകയും ഈ രീതികള്‍ പ്രചരിപ്പിക്കുകയും ചെയ്യുക എന്നിവയാണ് കേന്ദ്രത്തി‍ൻെറ മറ്റ് ലക്ഷ്യങ്ങള്‍. ഇതി‍ൻെറ ഭാഗമായി മ്യൂസിയം, ഗവേഷണ ആശുപത്രി, പഠന ഗവേഷണ കേന്ദ്രങ്ങള്‍ എന്നിവയുണ്ടാകും. ഇതിനാവശ്യമായ ടെന്‍ഡര്‍ അപേക്ഷ നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. ആയുഷ് വകുപ്പിനുവേണ്ടി 59.93 കോടി രൂപയുടെ പ്രവൃത്തിക്കുള്ള ഇ-ടെൻഡര്‍ കിറ്റ്കോയാണ് ക്ഷണിച്ചത്. നടപടികള്‍ പൂര്‍ത്തിയാകുന്ന മുറക്ക് ആദ്യഘട്ടത്തിലേക്ക് സര്‍ക്കാര്‍ വിട്ടുനല്‍കിയ 36.5 ഏക്കര്‍ ഭൂമിയില്‍ പ്രവൃത്തി ആരംഭിക്കും. എട്ടു മാസംകൊണ്ട് ഒന്നാം ഘട്ട നിര്‍മാണം പൂര്‍ത്തിയാക്കും. 300 കോടി രൂപയാണ് മൊത്തം അടങ്കല്‍ തുകയായി കണക്കാക്കുന്നത്. തുടര്‍ഘട്ടങ്ങളിലേക്ക് ആവശ്യമായ ഭൂമിയേറ്റെടുക്കല്‍ നടപടികളും ദ്രുതഗതിയില്‍ നടന്നുവരുകയാണ്. ഭൂമിയേറ്റെടുക്കലി‍ൻെറ ഭാഗമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു കഴിഞ്ഞു. രണ്ടര മാസത്തിനകം ഭൂമിയേറ്റെടുക്കല്‍ നടപടി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. 311 ഏക്കര്‍ ഭൂമിയാണ് ഈ ആവശ്യത്തില്‍ ഏറ്റെടുക്കുന്നത്. പദ്ധതി പ്രദേശം പൂര്‍ണമായി ഹരിതവത്കരിക്കുന്നതിന് കാമ്പസിനകത്ത് ഓഷധ സസ്യങ്ങള്‍ ​െവച്ചുപിടിപ്പിക്കുന്നതിനും ജൈവവേലി നിര്‍മിക്കുന്നതിനും ആവശ്യമായ ഔഷധ തൈകള്‍ ഒരുക്കുന്നതിനായി നഴ്‌സറി നിര്‍മാണവും വൈകാതെ ആരംഭിക്കുമെന്ന് ദേശീയ ആയുഷ് മിഷന്‍ ഡി.പി.എം ഡോ.കെ.സി. അജിത്​ കുമാര്‍ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി, അപൂര്‍വ താളിയോല ഗ്രന്ഥങ്ങളുടെ സംരക്ഷണത്തിനുള്ള മാനുസ്‌ക്രിപ്റ്റ് സൻെറര്‍ ഉടൻ താല്‍ക്കാലിക കെട്ടിടത്തില്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മട്ടന്നൂര്‍ സുരേന്ദ്രന്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.