കഞ്ചാവ് വില്‍പന സംഘങ്ങള്‍ ഏറ്റുമുട്ടി; മൂന്നു പേര്‍ക്ക് പരിക്ക്

വടകര: നഗരത്തില്‍ പട്ടാപ്പകല്‍ കഞ്ചാവ് വില്‍പന സംഘങ്ങള്‍ ഏറ്റുമുട്ടി. കത്തിക്കുത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മൂവരെയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 2.30ഓടെ വടകര ദേശീയപാതയോരത്തുനിന്ന്​ പാര്‍ക്ക് റോഡിലേക്കുള്ള ഊടുവഴിയിലാണ് സംഘങ്ങള്‍ ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലില്‍ തോടന്നൂര്‍ സ്വദേശി സലാവുദീന്‍, പുതുപ്പണം സ്വദേശി ഷാജഹാന്‍, വടകര സ്വദേശി സവാദ് എന്നിവര്‍ക്കാണ് കുത്തേറ്റത്. വടകര ജില്ല ആശുപത്രിയിലെ അടിയന്തര ശുശ്രൂക്ഷക്കുശേഷമാണ് മൂവരെയും കോഴിക്കോടേക്ക് മാറ്റുകയായിരുന്നു. സലാഹുദീനും ഷാജഹാനും പൊലീസിന് തിരിച്ചറിയാന്‍ കഴിയാത്ത മറ്റൊരാൾ ചേര്‍ന്ന സംഘവും, സവാദും സുഹൈലുമായാണ് ഏറ്റുമുട്ടിയത്. തിരിച്ചറിയാന്‍ കഴിയാത്ത ആള്‍ക്കും സുഹൈലിനും നിസ്സാര പരിക്കുണ്ടെങ്കിലും ഇരുവരും സംഭവ സ്ഥലത്തുനിന്നും മുങ്ങി. കഞ്ചാവ് വില്‍പന സംബന്ധിച്ച തര്‍ക്കമാണ് കത്തിക്കുത്തിന് ഇടയാക്കിയതെന്ന്​ വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു. മറ്റൊരാളെ തിരിച്ചറിഞ്ഞതായും വിവരങ്ങള്‍ പൊലീസ് ശേഖരിച്ച് വരുകയാണ്. കഞ്ചാവ് സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും അന്വേഷണം ഊര്‍ജിതമാക്കിയതായും വടകര സി.ഐ പി.എസ്. ഹരീഷ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.