സ്ഥലപരിമിതിയിൽ ശ്വാസം മുട്ടി തലാസീമിയ രോഗികൾ

കോഴിക്കോട്: കിടന്ന് രക്തം സ്വീകരിക്കാൻ കട്ടിലുകൾ ലഭ്യമല്ലാത്തതിനാൽ ഇരുന്ന് രക്തം സ്വീകരിക്കേണ്ട അവസ്ഥയിലാണ് മെഡിക്കൽ കോളജിലെ തലാസീമിയ രോഗികൾ. മെഡിക്കൽ കോളജ് പി.എം.ആറിൽ ചികിത്സ സ്വീകരിക്കുന്ന 18 വയസ്സിനു മുകളിലുള്ള രോഗികൾക്കാണ് ഈ ദുർഗതി. ഇവരെ ചികിത്സിച്ചു വന്നിരുന്ന 55 കട്ടിലുകളുള്ള വാർഡ് കോവിഡ് രോഗികളെ കിടത്താൻ ഒഴിപ്പിച്ചെടുത്തതിനെ തുടർന്നാണ് തലാസീമിയ രോഗികൾ ദുരിതത്തിലായത്. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിന് മെഡിക്കൽ കോളജിന് പുറത്തെവിടെയെങ്കിലും സൗകര്യമൊരുക്കണമെന്നും മെഡിക്കൽ കോളജിൽ ചികിത്സ സ്വീകരിച്ചു വരുന്ന മാരകരോഗികളെ അതു ബാധിക്കാനിടയാക്കരുതെന്നുമാവശ്യപ്പെട്ട് ബ്ലഡ് പേഷ്യൻറ്​സ് പ്രൊട്ടക്​ഷൻ കൗൺസിൽ കലക്ടർക്ക് മുൻകൂട്ടിതന്നെ നിവേദനം നൽകിയിരുന്നെങ്കിലും അത് അവഗണിക്കുകയാണ് ആരോഗ്യ വകുപ്പ് അധികാരികൾ ചെയ്തത്. ഇതുകാരണം പ്രതിരോധ ശേഷി കുറഞ്ഞ മാരകരോഗികൾക്ക് നൽകി വരുന്ന ചികിത്സ കോവിഡ് പ്രോട്ടോകോൾ പോലും ലംഘിക്കപ്പെടുന്ന സ്ഥിതിയിലേക്കെത്താൻ ഇടയാക്കിയിരിക്കയാണ്. ഹെമറ്റോളജി കേന്ദ്രം സ്ഥാപിക്കണമെന്ന പതിറ്റാണ്ടുകളായുള്ള രോഗികളുടെ ആവശ്യവും അംഗീകരിക്കാൻ സർക്കാർ ഇതുവരെ തയാറായിട്ടില്ല. കോവിഡ് വ്യാപനത്തി​ൻെറ പശ്ചാത്തലത്തിൽ കിടന്ന് രക്തം നൽകുന്നതിന് ഓരോ രോഗിക്കും ഓരോ കട്ടിൽ വീതം അനുവദിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള ബ്ലഡ് പേഷ്യൻറ്​സ് പ്രൊട്ടക്​ഷൻ കൗൺസിൽ സർക്കാറിനോടാവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.