ജൽജീവന്‍ മിഷന്‍: സ്ഥലമേറ്റെടുക്കല്‍ വേഗത്തിലാക്കണം -കലക്ടര്‍

കണ്ണൂർ: ജൽജീവന്‍ മിഷന്റെ ഭാഗമായുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കുന്ന പ്രവൃത്തി വേഗത്തിലാക്കണമെന്ന് ജില്ല കലക്ടര്‍ എസ്. ചന്ദ്രശേഖര്‍. ജില്ലയിലെ ജൽജീവന്‍ മിഷന്‍ പദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജല ശുചിത്വ മിഷന്‍ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശുദ്ധജല വിതരണ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പലയിടത്തും സ്വകാര്യ ഉടമകളുടെ ഭൂമി ആവശ്യമാണ്. അത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് വാട്ടര്‍ അതോറിറ്റിക്ക് നല്‍കുന്ന പ്രവര്‍ത്തനം വേഗത്തിലാക്കണം. അതിനായി വിശദമായ യോഗം ചേരണം. ജൽജീവന്‍ മിഷന്‍ പദ്ധതി ആരംഭിച്ചതിനുശേഷം ജില്ലയില്‍ 1.16 ലക്ഷം പുതിയ കണക്ഷന്‍ നല്‍കിയെന്നും കലക്ടര്‍ പറഞ്ഞു. ജൽജീവന്‍ മിഷന്‍ പദ്ധതി നടത്തിപ്പിലെ പുരോഗതിയും തടസ്സങ്ങളും തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതികളും യോഗം ചര്‍ച്ച ചെയ്തു. ഇംപ്ലിമെന്റേഷന്‍ സപ്പോര്‍ട്ട് ഏജന്‍സികളുടെ ക്ലെയിമുകള്‍ക്കുള്ള അംഗീകാരവും നല്‍കി. കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആൻഡ് വാട്ടര്‍ സാനിറ്റേഷന്‍ ഏജന്‍സി ആര്‍.പി.ഡി കെ.വി. മുകുന്ദന്‍, ജില്ല പ്ലാനിങ് ഓഫിസര്‍ കെ. പ്രകാശന്‍, എന്‍.എച്ച്.എ.ഐ ഡി.എം ജസ്പ്രീത്, ജില്ല പഞ്ചായത്ത് സെക്രട്ടറി ഇന്‍ചാര്‍ജ് ഇ.എന്‍. സതീഷ് ബാബു, എക്സിക്യുട്ടിവ് എൻജിനീയര്‍ കെ. സുധീപ് തുടങ്ങിയവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.