ഓൺലൈൻ വായ്പ തിരിച്ചടവ്​ മുടങ്ങി; യുവാവിന്‍റെ പേരിൽ സുഹൃത്തുക്കൾക്ക്​ അശ്ലീല സ​ന്ദേശം

കോഴിക്കോട്​: മൊബൈൽ ആപ്​ വഴിയെടുത്ത ഓൺലൈൻ വായ്പയുടെ തിരിച്ചടവ്​ മുടങ്ങിയതോടെ യുവാവിന്‍റെ പേരിൽ സുഹൃത്തുക്കൾക്ക്​ അശ്ലീല സ​ന്ദേശം അയക്കുന്നു. വായ്​പയെടുത്ത കോഴിക്കോട്​ സ്വദേശിയുടെ പേരും മൊബൈൽ ഫോൺ നമ്പറും ഉൾപ്പെടുത്തിയാണ്​ ഇദ്ദേഹത്തിന്‍റെ സുഹൃത്തുക്കളിൽ പലർക്കും സന്ദേശം ലഭിച്ചത്​. വായ്പക്കാരന്‍റെ ഭാര്യയെയും അമ്മയേയും പരാമർശിച്ചാണ്​ 91 9844255649 എന്ന മൊബൈൽ നമ്പറിൽനിന്ന്​ വാട്​സ്​ ആപ്​ സന്ദേശങ്ങൾ വന്നത്​. ഈ നമ്പറിലേക്ക്​ തിരിച്ചുവിളിക്കുമ്പോൾ ആദ്യം ഹിന്ദിയിലും പിന്നീട്​ തെലുഗുവിലും പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറയുകയും പിന്നീട്​ ഫോൺ കട്ടാക്കുകയുമാണ്​ ചെയ്യുന്നത്​. ഞായറാഴ്ചയാണ്​ സംഭവം. കോഴിക്കോട്​ സ്വദേശിയായ യുവാവ്​ 'കാഷ്​ വേൾഡ്'​ എന്ന ആപ്പിൽ കയറി ഓൺലൈനായി പ്രത്യേക സ്കീമിലെ 6099 രൂപയുടെ വായ്പക്ക്​ അപേക്ഷിക്കുകയായിരുന്നു. ഇതിന്​ പ്രൊസസിങ്​ ചാർജ്​ ഉൾപ്പെടെ ഈടാക്കിയശേഷം 3500 രൂപയാണ്​ അക്കൗണ്ടിലേക്ക്​ വന്നത്​. ഒരാഴ്ചക്കുള്ളിൽ പലിശ സഹിതം 6099 രൂപ തിരിച്ചടക്കാനായിരുന്നു നിർദേശം. ഈ തുക നിശ്ചിത സമയപരിധിക്കുള്ളിൽ അടക്കാൻ കഴിയാഞ്ഞതോടെ യുവാവിന്​ മറ്റൊരു ​വായ്പ തരപ്പെടുത്തി നൽകി. ഇതിന്‍റെ അടവ്​ അടക്കേണ്ടത്​ ഞായറാഴ്ചയായിരുന്നു. ബാങ്ക്​ അക്കൗണ്ടിൽ പണം ഇല്ലാത്തതോടെ ഇത്​ അടക്കാനായില്ല. തുടർന്നാണ്​ ഇദ്ദേഹ​ത്തിന്‍റെ മൊബൈൽ ഫോൺ വിവരങ്ങൾ ചോർത്തി സേവ്​ ചെയ്തുവെച്ച നമ്പറുകൾ ശേഖരിച്ച്​ സുഹൃത്തുക്കൾക്ക്​ യുവാവിന്‍റെ പേരിൽ അശ്ലീല സന്ദേശങ്ങൾ അയക്കാൻ തുടങ്ങിയത്​. ആധാർ കാർഡ്​, പാൻ കാർഡ്​, ബാങ്ക്​ അക്കൗണ്ട്​ അടക്കം വിവരങ്ങൾ നൽകിയാണ്​ വായ്പ എടുത്തത്​. നേരത്തേയും ഓൺലൈൻ വായ്പയു​​ടെ അടവുകൾ മുടങ്ങിയതിന്​ സമാന തരത്തിലുള്ള ഭീഷണികൾ മറ്റുപലരും നേരിട്ടിരുന്നു. ആപ്പുകൾ മുഖേനെ ഓൺലൈൻ വായ്​പകൾ നൽകുന്നവർ പലരും വൻ തട്ടിപ്പുസംഘങ്ങളാണെന്നും ബാങ്ക്​ അക്കൗണ്ട്​ വിവരങ്ങൾ പരിചയമില്ലാത്തവർക്ക്​ കൈമാറിയാൽ പണം നഷ്ടമാവാനുള്ള സാധ്യത കൂടുതലാണെന്നുമാണ്​ സൈബർ സെൽ പറയുന്നത്​. -സ്വന്തം ലേഖകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.