പയ്യോളി: കാലവർഷം കനത്തതോടെ തുറയൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡായ ചിറക്കര റോഡിൽ വൻ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ നാട്ടുകാരും യാത്രക്കാരും ദുരിതത്തിലായി. തുറയൂരിലെ പ്രധാന ഗ്രാമീണ റോഡുകളിലൊന്നായ ചിറക്കര റോഡ് വഴി നൂറുകണക്കിന് പേരാണ് യാത്ര ചെയ്യാറുള്ളത്. സ്കൂൾ തുറന്നതോടെ നിരവധി വിദ്യാർഥികളാണ് സൈക്കിളുകളിലും കാൽനടയായും ഇതുവഴി നിത്യേന യാത്രചെയ്യുന്നത്. മഴ ശക്തമാവുമ്പോൾ കാൽനടയാത്ര പോലും അസാധ്യമായരീതിയിൽ പ്രളയകാലത്തിന് സമാനമായ രീതിയിലാണ് ഇവിടെ വെള്ളം കെട്ടിനിൽക്കുന്നത്. ഏതാനും സമയം മഴ പെയ്യുമ്പോഴേക്കും ഒഴുകിപ്പോവാൻ കഴിയാതെ മുന്നൂറോളം മീറ്റർ ദൂരത്തിൽ കൂറ്റൻ വെള്ളക്കെട്ടാണ് ഇവിടെ രൂപപ്പെട്ടിട്ടുള്ളത്. ഇരുനൂറോളം വീട്ടുകാരാണ് ഇതിന്റെ ദുരിതമനുഭവിക്കുന്നത്. ഈ പോക്ക് പോയാൽ പ്രദേശത്തുള്ളവർക്കായി ദുരിതാശ്വാസ ക്യാമ്പ് തുറക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് നാട്ടുകാരും അധികൃതരുമുള്ളത്. റോഡിന് ഒരുവശത്തായി ഓവുചാൽ നിർമാണപ്രവൃത്തി നടക്കുന്നുണ്ടെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. കൂടാതെ റോഡിന് സമീപത്ത് സ്വകാര്യവ്യക്തിയുടെ സ്ഥലത്തുകൂടെയാണ് റോഡിലെ വെള്ളം സാധാരണ ഒഴുകിപ്പോകാറുള്ളത്. എന്നാൽ, ഇത്തവണ ഇയാൾ സ്ഥലം മണ്ണിട്ട് നികത്തി വെള്ളമൊഴുക്ക് തടസ്സപ്പെടുത്തിയെന്നാണ് പരാതി. പറമ്പിലും റോഡിലും വെള്ളം കെട്ടിക്കിടക്കുന്നത് കാരണം സമീപത്തെ കിണറുകളിൽ മലിനജലം കലർന്നതായി കണ്ടെത്തിയിരുന്നു. വിഷയത്തിൽ നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. തുറയൂർ ഗ്രാമപഞ്ചായത്ത്, വില്ലേജ് ഓഫിസർ, തഹസിൽദാർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെങ്കിലും പരിഹാരമായിട്ടില്ല. ഗ്രാമപഞ്ചായത്തധികൃതർ സ്ഥലം സന്ദർശിച്ചുവെങ്കിലും വെള്ളക്കെട്ട് നീക്കംചെയ്യാൻ നടപടികളൊന്നുമെടുത്തിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ശനിയാഴ്ച തുറയൂർ വില്ലേജ് ഓഫിസറും സ്ഥലം സന്ദർശിച്ചിട്ടുണ്ട്. പടം തുറയൂർ ചിറക്കര റോഡിൽ രൂപപ്പെട്ട വൻ വെള്ളക്കെട്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.