പുതുലഹരിയിലേക്ക്; ബാലറ്റ് ഓൺ വീൽസ് പ്രയാണമാരംഭിച്ചു

കോഴിക്കോട്​: 'പുതുലഹരിയിലേക്ക്' പദ്ധതിയുടെ ഭാ​ഗമായി ജില്ലയിലെ കോളജുകളിൽ 'പുതുലഹരിക്ക് ഒരു വോട്ട്' എന്ന പേരിൽ സംഘടിപ്പിക്കുന്ന വോട്ടെടുപ്പിന്‍റെ 'ബാലറ്റ് ഓൺ വീൽസ്' വാഹനം ജില്ലയിൽ പ്രയാണമാരംഭിച്ചു. എരഞ്ഞിപ്പാലം സെന്‍റ്​ സേവ്യേഴ്സ് കോളജിൽനിന്നാരംഭിച്ച യാത്ര ജില്ല കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി ഫ്ലാ​ഗ്ഓഫ് ചെയ്തു. കലക്ടറും എരഞ്ഞിപ്പാലം കരുണ സ്പീച്ച് ആൻഡ് ഹിയറിങ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സഫാനും ചേർന്ന് ദീപശിഖ കൈമാറി. സെന്‍റ് സേവ്യേഴ്സ് കോളജ് പ്രിൻസിപ്പൽ പ്രഫ. വർ​ഗീസ് മാത്യു സ്വാ​ഗതവും വിദ്യാർഥി പ്രതിനിധി എം. അനന്തരൂപ് നന്ദിയും പറഞ്ഞു. ജില്ലയിലെ നാല് താലൂക്കുകളിലായി 13 നിയമസഭ മണ്ഡലങ്ങളിലും മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും തെരഞ്ഞെടുത്ത കോളജുകൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങി നൂറിലധികം കേന്ദ്രങ്ങളിലും വാഹനം ദീപശിഖയേന്തി സഞ്ചരിക്കും. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്‍റെ സഹകരണത്തോടെയാണ്‌ വാഹനം സജ്ജീകരിച്ചത്. തെരഞ്ഞെടുത്ത കവലകളിൽ ഇന്‍ററാക്ടിവ് ഗെയിംസ്, സന്ദേശരേഖ വിതരണം, ഡോക്യുമെന്‍ററി പ്രദർശനം, ചർച്ചകൾ, ക്വിസ് സെഷനുകൾ തുടങ്ങി വിവിധ പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കും. ട്രൈബൽ കോളനികളും തീരദേശ മേഖലകളും കേന്ദ്രീകരിച്ച് പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും. ജില്ലയിലെ വർധിക്കുന്ന ലഹരി ഉപഭോഗം പ്രതിരോധിക്കുന്നതിന്‍റെ ഭാ​ഗമായി നടത്തുന്ന ഒരുവർഷം നീളുന്ന സമഗ്ര ലഹരിവിരുദ്ധ പ്രതിരോധ-ബോധവത്കരണ പരിപാടിയാണ് 'പുതുലഹരിയിലേക്ക്'. ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നശാമുക്ത് ഭാരത് അഭിയാൻ, എക്സൈസ്, സാമൂഹികനീതി, തുടങ്ങി 16 വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ്‌ പദ്ധതി നടപ്പാക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.