രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണം ആസൂത്രിതം -വി.ഡി. സതീശന്‍

തലശ്ശേരി: വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫിസിനുനേരെ നടന്ന ആക്രമണം മുഖ്യമന്ത്രിയുടെ ഓഫിസ് ആസൂത്രണം ചെയ്ത് ഗൂഢാലോചന നടത്തിയതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തലശ്ശേരിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വര്‍ണക്കടത്ത് കേസില്‍ ഡല്‍ഹിയിലെ ബി.ജെ.പിയെ സന്തോഷിപ്പിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ ഓഫിസിനുനേരെ നടന്ന അക്രമണം. നേരത്തെ സമരം അറിയിച്ചിട്ടും ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഓഫിസ് അടിച്ചുതകര്‍ത്തതെന്ന് അദ്ദേഹം പറഞ്ഞു. സംഘ്പരിവാറിന്റെ ഇഷ്ടക്കാരാകാനാണ് സി.പി.എം ശ്രമിക്കുന്നത്. ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുമായെന്താണു ബന്ധം. സുപ്രീംകോടതിയുടെ വിധിയാണത്. മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിലേക്ക് പ്രതിഷേധിക്കാന്‍ ശ്രമിച്ചാല്‍ ദൂരെ നിന്നും തടയും. അത് വയനാട്ടിലുണ്ടായില്ല. രണ്ടാമത്തെ കലാപത്തിനാണ് ഇവരുടെ ശ്രമം. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചപ്പോള്‍ വധശ്രമത്തിന് കള്ളക്കേസെടുക്കുകയാണുണ്ടായത്. പ്രതിഷേധം എന്ന മുദ്രാവാക്യം വിളിക്കുക മാത്രമാണ് പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ ചെയ്തത്. ക്രിമിനലുകളായ പ്രവര്‍ത്തകരെ സി.പി.എമ്മിന് നിയന്ത്രിക്കാന്‍ കഴിയുന്നില്ല. കോണ്‍ഗ്രസിനെ പ്രകോപിപ്പിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ തിരുവനന്തപുരത്തും എറണാകുളത്തും കാലുകുത്താന്‍ തന്നെ സമ്മതിക്കില്ലെന്നായിരുന്നു സി.പി.എം നേതാക്കള്‍ പറഞ്ഞതെന്നും വി.ഡി. സതീശൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.