അഴിമതി, സ്വജനപക്ഷപാതം: മുക്കം നഗരസഭയിൽ യു.ഡി.എഫ്- വെൽഫെയർ പാർട്ടി അംഗങ്ങളുടെ സമരം

മുക്കം: നഗരസഭയിൽ സി.പി.എം നേതൃത്വത്തിൽ നടക്കുന്ന അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ യു.ഡി.എഫ്-വെൽഫെയർ പാർട്ടി കൗൺസിലർമാരുടെ നേതൃത്വത്തിൽ നഗരസഭ ഓഫിസിനു മുന്നിൽ ധർണ നടത്തി. അംഗൻവാടി ജീവനക്കാരെ നിയമിച്ചതിൽ ക്രമക്കേടും തട്ടിപ്പും നടത്തുകയും ഭക്ഷ്യധാന്യ, പോഷകാഹാര വിതരണക്കരാറിൽ വൻ അഴിമതിക്ക് കളമൊരുങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് പ്രക്ഷോഭമെന്ന് കൗൺസിലർമാർ പറഞ്ഞു. ശിശുക്ഷേമ ഓഫിസർ നടത്തിയ ലക്ഷങ്ങളുടെ അഴിമതിയെ ന്യായീകരിക്കുന്ന നഗരസഭ ചെയർമാനും ഇതിൽ പങ്കുണ്ടെന്നും അംഗങ്ങൾ ആരോപിച്ചു. യു.ഡി.എഫ്, വെൽഫെയർ പാർട്ടി അംഗങ്ങൾ പ്രതിനിധാനം ചെയ്യുന്ന ഡിവിഷനുകളിൽ വികസനത്തിനായി നാമമാത്ര തുകയാണ് അനുവദിക്കുന്നത്. പദ്ധതി മാർഗരേഖ ലംഘിച്ചുകൊണ്ടുള്ള നടപടിക്കെതിരെ ഹൈകോടതിയെ സമീപിക്കുമെന്നും പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു. ധർണ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എം.ടി. അഷ്റഫ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സി.ജെ. ആന്റണി, നിജേഷ് അരവിന്ദ്, കെ.സി. അൻവർ, എ.എം. അഹമ്മദ്‌ കുട്ടിഹാജി, ദാവൂദ് മുത്താലം, എം.കെ. മമ്മദ്, എ. അരവിന്ദൻ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം സി.കെ. കാസിം ഉദ്ഘാടനം ചെയ്തു. വേണു കല്ലുരുട്ടി, ഗഫൂർ കല്ലുരുട്ടി, എം. മധു, അബു മുണ്ടുപാറ, യാസർ, എ. അബ്ദുൽഗഫൂർ, കൃഷ്ണൻ വടക്കയിൽ, ജുനൈദ്, ഷരീഫ് വെണ്ണക്കോട്, നിഷാദ്, പ്രഭാകരൻ മുക്കം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.