നൊച്ചാട് അക്രമം നിലക്കുന്നില്ല; കോൺഗ്രസ് പ്രവർത്തകന്റെ വീടിനുനേരെ ബോംബേറ്

പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ രാഷ്ട്രീയ ആക്രമണങ്ങൾ തുടരുന്നു. ഞായറാഴ്ച പുലർച്ചെ യൂത്ത് കോൺഗ്രസ് നൊച്ചാട് മണ്ഡലം സെക്രട്ടറി നസീര്‍ വെള്ളിയൂരിന്റെ വീടിനു നേരെ പെട്രോൾ ബോംബെറിഞ്ഞു. വീടിന്റെ ടെറസിനും മുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കിനും കേടുപാട് സംഭവിച്ചു. വെള്ളിയൂര്‍ പുളിയോട്ട് മുക്ക് റോഡിലെ വലിയ പറമ്പില്‍ എന്ന വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയവരാണ് ബോംബെറിഞ്ഞതെന്ന് നസീര്‍ പറഞ്ഞു. ജില്ല ക്രൈം റെക്കോഡ് ബ്യൂറോ ഡിവൈ.എസ്.പി ജി. ബിനുവിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലം സന്ദര്‍ശിച്ച് അന്വേഷണം ആരംഭിച്ചു. കെ.പി.സി.സി സെക്രട്ടറി സത്യന്‍ കടിയങ്ങാട്, യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ കെ. ബാലനാരായണന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത്, രാജന്‍ മരുതേരി, കെ. മധു കൃഷ്ണന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തിയതിനെ തുടർന്നാണ് നൊച്ചാട് പഞ്ചായത്തിൽ സംഘർഷമാരംഭിക്കുന്നത്. അന്ന് രാത്രി മാവെട്ടയിൽ താഴെയുള്ള കോൺഗ്രസ് ഓഫിസ് ആക്രമിക്കപ്പെട്ടു. ഇതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പിറ്റെ ദിവസം നടത്തിയ പ്രതിഷേധ പ്രകടനത്തിലും സംഘർഷമുണ്ടായി. മാവെട്ടയിലെ മുസ്‍ലിം ലീഗ് ഓഫിസിനു നേരെയും അക്രമണമുണ്ടായി. തുടന്ന് വാല്യക്കോട്ടെ സി.പി.എം ഓഫിസിനു തീയിടുകയും മുളിയങ്ങളിലെ സി.പി.എം ഓഫിസിനു നേരെ പെട്രോൾ ബോംബെറിയുകയും ചെയ്തു. അക്രമ സംഭവത്തിലെ പ്രതികളെ അറസ്റ്റു ചെയ്യാൻ പൊലീസിനു സാധിച്ചിട്ടില്ല. അതുകൊണ്ടു തന്നെയാണ് വീണ്ടും വീണ്ടും അക്രമണങ്ങൾ അരങ്ങേറുന്നത്. Photo: ബോംബാക്രമണം നടന്ന വെള്ളിയൂരിലെ കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.